ട്രയൽ അലോട്ട്‌മെന്‍റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂൺ 2നാണ്. രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10 ന് നടക്കും. മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂൺ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നടത്തും. ഹയർ സെക്കന്‍ററി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി. ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.