നസീറയുടെ മയ്യിത്ത് കണ്ടുവെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എംഎല്‍എ പറഞ്ഞു. അപകടത്തില്‍ മരിച്ചത് എത്രപേര്‍ ആണെന്നുള്ള കണക്ക് പുറത്ത് വിടണമെന്നും സിദ്ദീഖ് എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം സിദ്ദിഖിന്റെ ആരോപണം മെഡിക്കല്‍ കോളജ് അധിതൃതര്‍ തള്ളി.
ശ്വാസം കിട്ടാതെയാണ് രോഗികള്‍ മരിച്ചെന്ന ആരോപണം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തള്ളി. രോഗികള്‍ മരിച്ചത് അപകടമുണ്ടാകുന്നതിന് മുന്‍പാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മരിച്ച മൂന്ന് പേരില്‍ ഒരാള്‍ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാള്‍ കാന്‍സര്‍ രോഗിയും മൂന്നാമത്തെയാള്‍ക്ക് കരള്‍ രോഗവും മറ്റ് പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം തീപിടിത്തമുണ്ടായതിനു പിന്നാലെ 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റി. ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്.
രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് യുപിഎസ് റൂമില്‍ നിന്നും പുക ഉയര്‍ന്നത്. തുടര്‍ന്ന് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചിരുന്നു. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ മാറ്റിയെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പുതിയ കാഷ്വാലിറ്റി കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് സൂചന. അതുവരെ പഴയ കാഷ്വാലിറ്റി അത്യാഹിത വിഭാഗമായി പ്രവർത്തിക്കും.