
ഗ്യാസ് സിലിണ്ടർ ചോർന്ന് വീടിന് തീപിടിച്ചു. രണ്ട് പേർക്ക് ദാരുണാന്ത്യം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 50 വയസ്സുകാരായ നാഗരാജു, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. അഭിഷേഖ് ഗൗഡ, ശിവശങ്കർ, ലക്ഷ്മിദേവി, ബസന ഗൗഡ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മദനായകനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനുള്ളിലെ ഗ്യാസ് ചോർച്ചയാണ് തീപിടിത്ത കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബല്ലാരി സ്വദേശിയായ നാഗരാജു ഭാര്യ ലക്ഷ്മിദേവിക്കും മക്കളായ അഭിഷേഖ് ഗൗഡ, ബസന ഗൗഡ എന്നിവരോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒഴിഞ്ഞ സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ വാതക ചോർച്ച അഭിഷേക് ശ്രദ്ധിച്ചില്ല. ദേവന്റെ ഫോട്ടോക്ക് മുന്നിൽ കത്തിച്ച വിളക്കിൽ നിന്ന് വാതകത്തിലേക്ക് തീപിടിച്ചു. തീ പെട്ടെന്ന് വീടാകെ പടരാൻ ഇത് കാരണമായി. വീടിന് തീ പിടിച്ചതോടെ ലക്ഷ്മിദേവിയും ബസന ഗൗഡയും രക്ഷപ്പെട്ടു.
എന്നാൽ നാഗരാജുവും അഭിഷേകും അകത്ത് കുടുങ്ങി. അയൽവാസിയായ ശ്രീനിവാസും വീട്ടുടമസ്ഥനായ ശിവശങ്കറും ഓടിയെത്തി തീ അണക്കാനും ഇരകളെ രക്ഷിക്കാനും ശ്രമിച്ചു. നാഗരാജുവിനെയും അഭിഷേകിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീനിവാസ് തീയിൽ കുടുങ്ങി വെന്തുമരിച്ചു. അഭിഷേക് തീയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവർ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.