തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ വിവാഹ വാഗ്ദാനം നൽകി, യുവതിക്കൊപ്പം ഒരു വർഷം ഒരുമിച്ച് താമസിച്ച ശേഷം മുങ്ങിയ യുവാവ് പിടിയിൽ. കുളത്തൂർ മാവിളക്കടവ് ജെഎസ് ഭവനത്തിൽ ജിതിൻ ജോസ് (35) ആണ് പൊഴിയൂർ പൊലീസിന്‍റെ പിടിയിലായത്.
ഇയാൾ യുവതിയോട് കല്യാണം കഴിക്കാമെന്ന് വാക്ക് നൽകിയിരുന്നു. ഇത് വിശ്വസിച്ച യുവതിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയി ഒരു വർഷത്തോളം ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
തുടർന്ന് യുവതിയുടെ വീട്ടുകാർ ഇടപെട്ട് വിവാഹത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കി. എന്നാൽ, വിവാഹ ദിവസം യുവതിയെയും ബന്ധുക്കളെയും പറ്റിച്ച് യുവാവ് കടന്നുകളയുകയായിരുന്നു.
തുടർന്ന് യുവതി പൊഴിയൂർ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ജിതിൻ ജോസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.