
മാവേലിക്കര: ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെ വിജയാഘോഷത്തിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി മുന്‍ മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റ സംഭവത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്. സംഭവം ഉണ്ടായ ദിവസം രാത്രി തന്നെ പ്രതിയായ ചെറുകോല്‍ സ്വദേശി ജോയല്‍ ജോസ് (24) ദുബായിലേക്ക് കടക്കുകയായിരുന്നു. ജോയല്‍ ജോസിന്റെ ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദുബായില്‍ എം.ബി.എയ്ക്ക് പഠിക്കുന്ന ജോയല്‍ ജോസ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പ്രതിയെ തിരികെ നാട്ടിലെത്തിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന് അടക്കം ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാവേലിക്കര നഗരത്തില്‍ നടത്തിയ ത്രിവര്‍ണ സ്വാഭിമാന യാത്ര സമാപിച്ച ശേഷം മടങ്ങിയവര്‍ക്ക് നേരെയാണ് ബൈക്ക് ഓടിച്ചു കയറ്റിയത്. മാതൃഭൂമി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി വേണുകുമാറിന് പരിക്കേറ്റിരുന്നു. അമിത വേഗത്തില്‍ വലിയ ശബ്ദത്തോടുകൂടി ഓടിച്ചു വന്ന ബൈക്ക് നടന്നു പോവുകയായിരുന്നു വേണുകുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.