
മുസ്ലിങ്ങളായ ടെക്നീഷ്യന്മാരെ കൊണ്ട് എസി സർവീസ് ചെയ്യിക്കാതെ ബിജെപി നേതാവ്. ഡൽഹിയിലാണ് സംഭവം. ബി.ജെ.പി ജില്ല കോ-ഓർഡിനേറ്ററായ ദേവമണി ശർമയാണ് തന്റെ വീട്ടിലെ എസി സർവീസ് ചെയ്യാനെത്തിയ ഇസ്ലാം മത വിശ്വാസികളായ ടെക്നീഷ്യന്മാരെ തിരിച്ചയച്ചത്. ദേവമണി ശർമയുടെ വീട്ടിലെത്തിയ എസി ടെക്നീഷ്യന്മാരോട് ഇയാൾ പേരും മതവുമെല്ലാം ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. എസി സർവീസ് ചെയ്യാനെത്തിയവർ മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കിയതോടെ ദേവമണി ശർമ ഇവരെ തിരിച്ചയക്കുകയും ചെയ്തു.
മുസ്ലിം ടെക്നീഷ്യൻമാർക്ക് പകരം ഒരു ഹിന്ദു ടെക്നീഷ്യനെ നിയമിക്കണമെന്നാണ് ശർമയുടെ ആവശ്യം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കടുത്ത വിമർശനമാണ് സൈബർ ലോകത്ത് ഉയരുന്നത്.
ദേവ്മണി ശർമയുടെ വീട്ടിൽ എ.സി നന്നാക്കാൻ എത്തിയപ്പോഴാണ് സംഭവം. ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമായ അർബൻക്ലാപ്പാണ് ടെക്‌നീഷ്യൻമാരെ അയച്ചത്. ശർമ അവരുടെ പേരുകൾ ചോദിച്ചുവെന്നും ഇരുവരും മുസ്ലിങ്ങളാണെന്ന് അറിഞ്ഞപ്പോൾ, ‘നിങ്ങളിൽ നിന്ന് സേവനം ഞാൻ ആഗ്രഹിക്കുന്നില്ല, ഹിന്ദുവായ ഒരാളെ അയക്കുക’ എന്ന് പറഞ്ഞ് അവരോട് പോകാൻ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.
മുസ്ലിം ടെക്നീഷ്യൻമാരുടെ സേവനം സ്വീകരിക്കാൻ നേതാവ് വിസമ്മതിക്കുന്നത് വിവേചനപരം മാത്രമല്ല, സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് പലരും വിമർശിച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് ആധുനിക ഇന്ത്യയിൽ സ്ഥാനമില്ലെന്നും പാർട്ടി നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നവരും ഉണ്ട്. അതേസമയം മതത്തെ അടിസ്ഥാനമാക്കി ഒരു തരത്തിലുള്ള വിവേചനത്തെയും പിന്തുണക്കുന്നില്ലെന്ന് അർബൻക്ലാപ്പിന്റെ വക്താവ് അഭിപ്രായപ്പെട്ടു.