യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചതിന് യുവതിയിൽ നിന്നും 500 രൂപ പിഴ ഈടാക്കി മെട്രോ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ


        

മെട്രോ യാത്രയ്ക്കിടയിൽ ഭക്ഷണം കഴിച്ചത് സഹയാത്രികർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോ ശ്ര​ദ്ധയിൽപ്പെട്ട അധികൃതർ യാത്രക്കാരിയിൽ നിന്നും 500 രൂപ പിഴ ഈടാക്കി. ബെംഗളൂരു മെട്രോയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

ബെംഗളൂരുവിലെ നമ്മ മെട്രോയിലെ സ്ഥിരം യാത്രക്കാരിക്കാണ് പിഴ ലഭിച്ചത്. ഏപ്രിൽ 26 -ന് നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സഹയാത്രികരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഇവർക്കെതിരെ നടപടി എടുത്തത്.

നമ്മ മെട്രോ നിയമങ്ങൾ പ്രകാരം യാത്രക്കാർ ട്രെയിനിനുള്ളിൽ ഭക്ഷണം കഴിക്കാനോ പാനീയങ്ങൾ കുടിക്കാനോ പാടില്ല. ഏപ്രിൽ 26 -ലെ യാത്രക്കിടയിലാണ് യാത്രക്കാരിയുടെ ഭാഗത്തുനിന്നും നിയമലംഘനം ഉണ്ടായത്. തുടർന്ന് ഏപ്രിൽ 28 -ന് യാത്ര ചെയ്യുന്നതിനായി നൈസ് റോഡ് ജംഗ്ഷനിലെ മഡവര മെട്രോ സ്റ്റേഷനിൽ പ്രവേശിച്ചപ്പോൾ, സുരക്ഷാ ജീവനക്കാർ ഇവരെ തടഞ്ഞുനിർത്തി നിയമങ്ങൾ ലംഘിച്ചതിന് 500 രൂപ പിഴ ഈടാക്കുകയായിരുന്നു.

ബെംഗളൂരു മെട്രോ നിയമങ്ങൾ അനുസരിച്ച്, മെട്രോ പരിസരങ്ങളിലും ട്രെയിനുകളിലും ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായി പ്രസ്തുത സംഭവത്തോട് പ്രതികരിച്ചുകൊണ്ട്, ബിഎംആർസിഎൽ പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ, വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും യാത്രക്കാരിയെ ന്യായീകരിച്ചു. ട്രെയിനിനുള്ളിലെ മറ്റു യാത്രക്കാർക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ അവർ നിശബ്ദമായി ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും അതിന് ഇത്തരത്തിലുള്ള ഒരു നടപടി ആവശ്യമുണ്ടായിരുന്നില്ല എന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. തിരക്കേറിയ സമയക്രമം കാരണം പലർക്കും വീട്ടിൽ ഭക്ഷണം കഴിക്കാൻ സമയം ലഭിക്കാറില്ലെന്നും അത്തരത്തിലുള്ള ആളുകളാണ് പലപ്പോഴും യാത്രകൾക്കിടയിൽ അതിനുള്ള സമയം കണ്ടെത്തുന്നതെന്നും അങ്ങനെയുള്ളവരുടെ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാദിച്ചു.

അനാവശ്യമായ പിഴകൾ ഈടാക്കുന്നതിനു പകരം യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി നൽകുകയാണ് വേണ്ടത് എന്നും വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ ഉയർന്നു. മെട്രോ ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം കഴിക്കാൻ അനുവാദം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് മെട്രോ സ്റ്റേഷനുകളിൽ ഭക്ഷണപാനീയങ്ങൾ വിൽപ്പന നടത്തുന്നതെന്നും നിരവധിപ്പേർ ചോദിച്ചു.

Previous Post Next Post