സലീമിന് വീട്ടിലേക്ക് വഴിയൊരുക്കാൻ ബന്ധുക്കൾ വസ്തു നൽകിയില്ല; ക്ഷേത്രഭൂമി വിട്ടുകൊടുത്ത് ലക്ഷ്മിയും പാർവതിയും




താനൂർ : അന്യമതസ്ഥന് വീട്ടിലേക്കുള്ള വഴിക്കായി ക്ഷേത്ര ഭൂമി നൽകി അയൽവാസികളായ സ്ത്രീകൾ. മലപ്പുറം താനൂരിലാണ് സംഭവം. താനൂരിലെ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളായ ലക്ഷ്മി സുമയും പാർവതിയുമാണ് അയൽവാസിയായ സലീമിന്റെ വീട്ടിലേക്ക് വഴിയൊരുക്കാൻ കുടുംബ ക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നൽകിയത്. കുടുംബക്ഷേത്രത്തിന്റെ നിലവിലെ ഉടമകളാണ് ലക്ഷ്മിയും പാർവതിയും.

താനൂരിലെ പ്രിയം റെസിഡെൻസ് അസോസിയേഷൻ അംഗമായ മൊയ്തീങ്കാനകത്ത് സലീമിന് വീട്ടിലേക്കുള്ള വഴിയൊരുക്കാനാണ് ഇവർ ക്ഷേത്ര ഭൂമി സൗജന്യമായി നൽകിയത്. താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് റോഡിനോട് ചേർന്ന് താമസിച്ചുവരുന്ന സലീമിന്റെ വീട്ടിലേക്ക് വഴിസൗകര്യം ഉണ്ടായിരുന്നില്ല. വഴിക്കായി സ്ഥലം വിട്ടുനൽകാൻ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് ഇദ്ദേഹം വർഷങ്ങളായി അഭ്യർഥിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

സലീമിന്റെ വഴിയുടെ എതിർവശത്തുള്ള സ്വകാര്യക്ഷേത്രത്തിന്റെ ഭൂമിയിൽനിന്ന് വഴിക്ക് സൗകര്യം ലഭിക്കാൻ ഇടപെടാൻ താനൂർ പ്രിയം റെസിഡെൻസ് അസോസിയേഷൻ പ്രസിഡൻറ് വി.പി. ബാബുവും സെക്രട്ടറി കുഞ്ഞാവുട്ടി ഖാദറും സലീമിനോടൊപ്പം കുടുംബക്ഷേത്രത്തിന്റെ ഉടമകളായ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളെ വീട്ടിൽ ചെന്ന് കണ്ട് അഭ്യർത്ഥിച്ചു. അസുഖബാധിതയായ ഉമ്മയുടെ ചികിത്സാസമയത്ത് സലീമും കുടുംബവും അനുഭവിച്ച പ്രയാസങ്ങളടക്കം മനസ്സിലാക്കിയ ലക്ഷ്മി സുമയും പാർവതിയും റോഡിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു.

أحدث أقدم