കോട്ടയത്ത്‌ സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസ്: പ്രതിയും ഭാര്യയും കുറ്റക്കാർ





കോട്ടയം: പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തി ശരീരം പല കഷണങ്ങളാക്കി മുറിച്ചു ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന കോട്ടയം മുട്ടമ്പലം സ്വദേശി എ.ആർ. വിനോദ്‌കുമാറും (കമ്മൽ വിനോദ്) ഭാര്യ എൻ.എസ്. കുഞ്ഞുമോളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കോട്ടയം അഡിഷണൽ സെഷൻസ് കോടതി - 2 ജഡ്ജി ജെ. നാസറാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ പിന്നീട് വിധിക്കും.

പ്രതികൾക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കൽ, കൂട്ടായ കുറ്റകൃത്യം എന്നിവയാണ് കോടതി കണ്ടെത്തിയത്. 2017 ഒഗസ്റ്റ് 23ന് രാത്രിയിലായിരുന്നു കൊലപാതകം. ഓഗസ്റ്റ് 27 നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കുകളിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിനു സമീപത്തു നിന്നു കണ്ടെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം 28നാണ് തല മാങ്ങാനം തുരുത്തേൽ പാലത്തിന് സമീപത്തു നിന്നു കിട്ടിയത്.

പ്രതി വിനോദിന്‍റെ ഭാര്യ കുഞ്ഞുമോളും, കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിൽ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി.

കുഞ്ഞുമോളുടെ ഫോണിൽ നിന്നു വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊന്നു എന്നാണ് കേസ്. തുടർന്ന് വിനോദും കുഞ്ഞുമോളും ചേർന്ന് ശരീരഭാഗങ്ങൾ ഓട്ടൊ റിക്ഷയിൽ കയറ്റി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സ്വന്തം പിതാവിനെ ചവിട്ടിക്കൊന്ന കേസിൽ കമ്മൽ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് സംഭവം. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട സന്തോഷും പ്രതിയാണ്.

സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ. എസ്. സിദ്ധാർത്ഥ എന്നിവരാണ് ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത് കുമാറും ഹാജരായി.
أحدث أقدم