തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ വർധന. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. അതേസമയം ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 95 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മെയ് രണ്ടാം വാരം 69 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 164 പേർ ചികിത്സ തേടി. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിൽ 273 കേസുകൾ മേയിൽ റിപ്പോർട്ട് ചെയ്തു. കൂടുതൽ കോട്ടയത്ത് 82, തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49, പത്തനംതിട്ടയിൽ 30, തൃശൂരിൽ 26 എന്നിങ്ങനെയാണ് ജില്ലാ കണക്കുകൾ. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ ജാഗ്രത പാലിക്കണമെന്നാണ് മുൻകരുതൽ നിർദ്ദേശം. ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ പടരുന്നത്.