‘ഐഎന്‍ടിയുസി ആയിരുന്നു ശരി’; ആശമാരുടെ സമര ബുള്ളറ്റിനില്‍ കോണ്‍ഗ്രസുകാരെ വെട്ടിനിരത്തി;




ആശാ സമരത്തിന് ഐഎന്‍ടിയുസി പിന്തുണ പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം വലുതായിരുന്നു. എന്നാല്‍ അന്ന് കലാപം ഉണ്ടാക്കിയവരേയും ഊഴമിട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പോയി സമരത്തിന് പിന്തുണ അര്‍പ്പിച്ച നേതാക്കളെയും പാടെ അവഗണിച്ച് കേരള ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ബുള്ളറ്റിന്‍. ആശമാരുടെ ബുള്ളറ്റിനില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പോലും ഫോട്ടോയോ അവര്‍ സമരത്തിന് നല്‍കിയ പിന്തുണയെക്കുറിച്ചോ കാര്യമായ പരാമര്‍ശങ്ങള്‍ ഒന്നുമില്ല. സമരത്തെ പിന്തുണച്ച നേതാക്കളുടെ പട്ടികയില്‍ മാത്രം കോണ്‍ഗ്രസുകാരുടെ പേര് ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നാകെ സമരത്തിനു പിന്തുണ അറിയിച്ചിട്ടും പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയെ ചെവിക്ക് പിടിച്ച് പിന്തുണപ്പിച്ചിട്ടുമാണ് ഈ പ്രതികരണം ആശമാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ഈ മാസം പുറത്തിറക്കിയ 28 പേജുള്ള ബുള്ളറ്റിനില്‍ സമരത്തെ അഭിവാദ്യം ചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. ‘ കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ പിന്തുണയെ പാടെ വിസ്മരിക്കുന്ന എസ്‌യുസിഐയുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ഞങ്ങള്‍ തുടക്കത്തിലേ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും ചെവിക്കൊള്ളാന്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും തയ്യാറായില്ല

സാഹിത്യകാരന്മാരും, വൈദികരും, സിനിമ പ്രവര്‍ത്തകരും പ്രസംഗിക്കുന്ന ചിത്രങ്ങളാണ് ബുള്ളറ്റിനില്‍ ആശമാര്‍ ഉള്‍പ്പെടുത്തിയത്. കെപിസിസി അധ്യക്ഷനായിരുന്ന കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല, വിഎം സുധീരന്‍, എംഎം ഹസ്സന്‍ തുടങ്ങിയവര്‍ പലവട്ടം സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതാണ്. എന്നാല്‍ ഇതൊന്നും പരാമര്‍ശിച്ചിട്ടില്ല. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാക്കളും ഇതേ രീതിയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.


എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേരിട്ടും പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ രേഖാമൂലവും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായത്. ചന്ദ്രശേഖരനുമായി കെപിസിസി നേതൃത്വവും ചര്‍ച്ചകള്‍ നടത്തി. ഇതോടെയാണ് പാര്‍ട്ടിയും പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയും രണ്ടു തട്ടിലെന്ന ആക്ഷേപത്തിന് അറുതിയായത്. രാഷട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയെക്കുറിച്ച് ഒരക്ഷരം പോലും പരസ്യമായി പറയാന്‍ തയ്യാറാവാത്ത ആശമാരുടെ നിലപാടാണ് ഐഎന്‍ടിയുസിയെ ചൊടിപ്പിച്ചിരിക്കുന്നത്.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ആര്‍ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പേടിച്ചാണ് സമരത്തെ പിന്തുണക്കാതിരിക്കുന്നത് എന്നായിരുന്നു ആശമാരുടേയും ഒരു പറ്റം കോണ്‍ഗ്രസുകാരുടേയും ആക്ഷേപം. സാംസ്‌കാരിക നായകരുടേയും സിനിമക്കാരുടേയും പടം കൊടുക്കാമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണ് അയിത്തമെന്നാണ് ഐഎന്‍ടിയുസി ഇപ്പോള്‍ ചോദിക്കുന്നു. അപ്പോള്‍ ഞ്ഞങ്ങളായിരുന്നു ശരിയെന്നും.
أحدث أقدم