
യാത്രയ്ക്കുള്ള എല്ലാം തയ്യാറായി. യുവതി എയർപോർട്ടിലെത്തി. എന്നാൽ, പാസ്പോർട്ട് കാണിച്ചപ്പോൾ വിചിത്രമായ എന്തോ കണ്ടതുപോലെയാണ് ജീവനക്കാർ അവളെ നോക്കിയത്. അവൾക്ക് ഒന്നും മനസിലായില്ല. എന്നാൽ, പാസ്പോർട്ട് തുറന്ന് നോക്കിയപ്പോഴാണ് കണ്ടത്. അതിന്റെ വിവിധ പേജുകളിലായി നിറയെ ചിത്രങ്ങൾ വരച്ചിരിക്കുന്നു.
യുവതി പറയുന്നത് തന്റെ രണ്ട് പെൺമക്കളാണ് ഈ പണി ചെയ്തത് എന്നാണ്. അവർ പാസ്പോർട്ടിന്റെ പേജുകളിൽ നിറയെ വിവിധ ചിത്രങ്ങളും വരകളും കുറികളും കൊണ്ട് നിറച്ചിരിക്കുകയായിരുന്നു. മാത്രമല്ല, ഐ ലവ് യൂ മമ്മി തുടങ്ങിയ എഴുത്തുകളും ഇതിൽ കാണാമായിരുന്നു. അതിലെ ഫോട്ടോയിലും അവർ വരച്ചിരുന്നു. അതോടെ പാസ്പോർട്ടിന്റെ സാധുത തന്നെ ഇല്ലാതായി
എനിക്ക് ദേഷ്യപ്പെടാൻ പോലും കഴിഞ്ഞില്ല എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ഒപ്പം പാസ്പോർട്ടിന്റെ പേജുകളും അവർ കാണിക്കുന്നുണ്ട്. അവരുടെ രണ്ട് കുഞ്ഞുങ്ങളുടെയും ചിത്രങ്ങളും വീഡിയോയിൽ കാണാവുന്നതാണ്. വെക്കേഷൻ കുളമായതിന്റെ നഷ്ടബോധമൊക്കെ ഉണ്ടെങ്കിലും തെല്ലൊരു അമ്പരപ്പോടെയും മറ്റുമാണ് അവർ വീഡിയോയിൽ ഇക്കാര്യം പറയുന്നത്.
എന്തായാലും, വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.