'സ്വന്തം നാട്ടിൽ തന്നെ അനാദരവ്, പിന്നെ എന്താ പറയുക'; കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ മൂടിപ്പൊതിഞ്ഞ്




കൊല്ലം: നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമയോട് അനാദരവ് കാട്ടുന്നതായി മകളും നടിയുമായ ഷൈലജ ശ്രീധരൻ നായർ. മൂന്ന് വർഷമായി കൊട്ടാരക്കര ലൈബ്രറിയുടെ അരികിൽ അച്ഛനെ മൂടി കെട്ടി വച്ചിരിക്കുകയാണന്ന് മകൾ ശൈലജ പറഞ്ഞു. കൊട്ടാരക്കര ഫിലിം സൊസൈറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷൈലജ.

"അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ഒരു അനാദരവ് ഉണ്ടാകരുതെന്നാണ് എന്റെ അപേക്ഷ. മറ്റൊന്നുമല്ല, അച്ഛനോ ഞങ്ങളോ ഒരിക്കലും ആഗ്രഹിച്ചിരുന്നത് അല്ല ഒരു പ്രതിമ സ്ഥാപിക്കണമെന്നത്. അച്ഛന് ഒട്ടും താല്പര്യമുള്ള ഒരു കാര്യമായിരുന്നില്ല. ഒരു പ്രതിമ സ്ഥാപിച്ച് കാക്കൾക്കും മറ്റും കാഷ്ടിക്കാൻ വേണ്ടിയിട്ട് വയ്ക്കണമെന്ന് അച്ഛന് ഒട്ടും താത്പര്യമില്ല. അതുകൊണ്ടാണ് ഇത് ഇങ്ങനെ നീണ്ടു പോകുന്നത് എന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്.

കൊട്ടാരക്കര നഗരസഭ ശ്രീധരൻ നായരുടെ പ്രതിമ നിർമിച്ചിട്ട് മൂന്ന് വർഷമായെങ്കിലും ഇതുവരെയും അനാച്ഛാദനം നടന്നിട്ടില്ല. കൊട്ടാരക്കര മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിനു സമീപം പ്രതിമ സ്ഥാപിച്ചിരുന്നു എങ്കിലും ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രതിമ നീക്കം ചെയ്തത്. ശ്രീധരൻ നായരുടെ പേരിലുള്ള താലൂക്ക് ലൈബ്രറി അങ്കണത്തിലാണ് ഇപ്പോൾ പ്രതിമ മൂടി പൊതിഞ്ഞു വച്ചിരിക്കുന്നത്.

എന്നാലും നാട്ടുകാരായിട്ട് എടുത്ത ഒരു എഫേർട്ട്, ഞങ്ങൾക്കും ഒരുപാട് സന്തോഷം തോന്നിയ ഒരു മുഹൂർത്തം, അത് ഈ രീതിയിൽ അനാദരവ് കാണിച്ച്, ഒരു മൂലയ്ക്ക് അച്ഛനെ കെട്ടി പൊതിഞ്ഞ് വച്ചേക്കുന്ന പോലൊരു ഫീലിങ്. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ട ഭാരവാഹികൾ ഇതിനൊരു തീരുമാനം എടുക്കണമെന്നാണ് എന്റെ അഭ്യർഥന. ഇത് ഞങ്ങൾക്കെല്ലാവർക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

സ്വന്തം നാട്ടിൽ തന്നെ അദ്ദേഹത്തോട് അനാദരവ് കാണിച്ചാൽ, പിന്നെ എന്താ പറയുക. അദ്ദേഹത്തിന്റെ മകളെന്ന് പറയുമ്പോൾ എനിക്ക് കിട്ടുന്ന ബഹുമാനം, അച്ഛൻ പോയിട്ട് 38 വർഷത്തോളമായിട്ടും ആ ബഹുമാനം കിട്ടുന്നുണ്ടെങ്കിൽ അദ്ദേഹം ചെയ്ത് വച്ച കഥാപാത്രങ്ങൾ അതുപോലെ മഹത്തരമായത് കൊണ്ടാണ്. അതെനിക്ക് എവിടെയും ധൈര്യത്തോടെ തലയുയർത്തി അഭിമാനത്തോടെ പറയാവുന്ന കാര്യമാണ്. ലോകം കണ്ട ഏറ്റവും വലിയ മഹാനടന്റെ മകൾ ആണ് ഞാൻ".- ഷൈലജ ശ്രീധരൻ പറഞ്ഞു.
أحدث أقدم