
കോഴിക്കോട് ഉണ്ടായ വൻ തീപിടുത്തത്തിനു പിന്നാലെ രൂപപ്പെട്ടത് വൻ ട്രാഫിക്ക് ബ്ലോക്ക്. ബസ് സ്റ്റാന്റ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെയാണ് ട്രാഫിക്ക് ബ്ലോക്കിൽ രൂക്ഷമായത്. ബീച്ചിൽ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തുന്ന വാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് നീങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ജനത്തിരക്കും വാഹനത്തിരക്കും ട്രാഫിക് ബ്ലോക്കും മൂലം രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾക്ക് പോലും സ്ഥലത്തേക്ക് പെട്ടന്ന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി.
തീപ്പിടിത്തമുണ്ടായ ഉടനെ തന്നെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ബസ്സുകളെല്ലാം പുറത്തേയ്ക്ക് മാറ്റിയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരെ അവതാളത്തിലാക്കി. തീ വ്യാപിക്കുന്ന സാഹചര്യത്തിൽ ബസ് സ്റ്റാന്റിന് സമീപത്തേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിർത്തിവെച്ചു. സ്വകാര്യ ബസ്സുകൾ വഴിതിരിച്ചുവിട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് വരെ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.
രണ്ടര മണിക്കൂറിലേറെയായി ബസ് സ്റ്റാന്റിലെ കെട്ടിടത്തിൽ തീ ആളിക്കത്തുകയാണ്. അടുത്ത കടമുറികളിലേക്ക് തീ പടർന്നതോടെ അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീ ഇതുവരേയും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. നഗരം പൂർണമായും കറുത്ത പുകയാൽ മൂടിയിരിക്കുകയാണ്. അവധി ദിവസമായതിനാലും വൈകുന്നേരമായതിനാലും നിരവധി ബസ്സുകൾ സർവീസ് അവസാനിപ്പിച്ച് ബസ് സ്റ്റാന്റിൽ നിർത്തിയിട്ടിരുന്നു. തീപടർന്നതോടെ ഈ ബസ്സുകളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ട്രാഫിക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0495 2721831 എന്ന നമ്പറിൽ ബന്ധപ്പെടാം.