കേരളത്തിലെ സർവ്വകലാശാലകളെ ഇകഴ്ത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോക്ടർ ആർ. ബിന്ദു. 2025 ഫെബ്രുവരിയിലെ നീതി ആയോഗ് റിപ്പോർട്ട് ആധാരമാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു മന്ത്രി ബിന്ദുവിൻ്റെ വിശദീകരണം.
ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോയിൽ രാജ്യത്ത് വളരെ മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വ്യക്തമാക്കി. 2021-22ൽ ദേശീയ ശരാശരി 28.4 ആയിരിക്കെ 41.3 ആണ് കേരളത്തിൻ്റെ ജിഇആർ സ്കോർ. ഉന്നതവിദ്യാഭ്യാസരംഗത്തെ ലിംഗസമത്വ സൂചികയിൽ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിനാണ്. മൂന്നാം സ്ഥാനം തൊട്ട് പട്ടികയിലുള്ള സംസ്ഥാനങ്ങളെല്ലാം ജിപിഐ സ്കോറിൽ ഒന്നിൽ താഴെ നിൽക്കുമ്പോൾ 1.44 എന്ന മികച്ച സ്കോറോടെയാണ് കേരളത്തിന് ഒന്നാം സ്ഥാനം. എസ് സി /എസ് ടി, ഒബിസി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ഉൾക്കൊള്ളലിലുള്ള മികവാണ് ഈ സ്കോർ നേടുന്നതിൽ കേരളത്തെ പ്രാപ്തമാക്കിയിട്ടുള്ളത്, മന്ത്രി പറഞ്ഞു.
സംസ്ഥാന പൊതു സർവ്വകലാശാലകളുടെ മികവ് പ്രത്യേകം പരിശോധിച്ചാൽ രാജ്യത്തെ മികച്ച അമ്പത് പൊതുസർവ്വകലാശാലകളിൽ കേരളത്തിലെ നാല് സർവ്വകലാശാലകൾ ഇടം പിടിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യ മികച്ച പതിനൊന്നു സർവ്വകലാശാലകൾ പ്രത്യേകം എടുത്താൽ അതിൽ കേരളത്തിൻ്റെ മൂന്ന് പൊതുസർവ്വകലാശാലകൾ ഉണ്ട്. മികച്ച അമ്പത് പൊതുസർവ്വകലാശാലകളിൽ ഏഴും ആറും വീതം പൊതുസർവ്വകലാശാലകൾക്ക് ഇടം കിട്ടിയ തമിഴ്നാടും മഹാരാഷ്ട്രയും മാത്രമാണ് ഈ കാര്യത്തിൽ കേരളത്തിന് മുന്നിലുള്ളത്. കേരള സർവ്വകലാശാല ഈ പട്ടികകളിൽ നാലാം റാങ്ക് നേടിയപ്പോൾ കുസാറ്റ്, എം ജി എന്നിവ പത്തും പതിനൊന്നും റാങ്കോടെ ഇതിൽ സ്ഥാനം പിടിച്ചു. റാങ്ക് 43 നേടി കാലിക്കറ്റും രാജ്യത്തെ ഏറ്റവുമുയർന്ന പൊതുസർവ്വകലാശാലകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മികച്ച പൊതുസർവ്വകലാശാലകളുള്ള സംസ്ഥാനങ്ങളിൽ രാജ്യത്തെ ആദ്യ അഞ്ചിൽ കേരളം ഇടം പിടിച്ചിട്ടുണ്ട്. ഇവയെ കാണാതെയും തമസ്കരിച്ചുമുള്ള ന്യൂസ് ഡെസ്ക് പ്രവർത്തനം കേരളം ഒന്നിനും കൊള്ളില്ലെന്ന വരേണ്യബുദ്ധിയുടെ അന്തമില്ലായ്മയാണ്. വലതുപക്ഷ രാഷ്ട്രീയ പ്രചാരണം ഏറ്റെടുക്കാനുള്ള ഊക്കിൽ വസ്തുതകൾ കാണാതെ പോകുന്ന മന്ദിപ്പാണിത്; മാധ്യമപ്രവർത്തനമെന്ന് വിശേഷിപ്പിച്ചു കൂടായെന്നും മന്ത്രി പറഞ്ഞു.