പെട്രോളടിച്ചിട്ട് നോസിൽ ഊരുന്നതിന് മുമ്പ് കാർ മുന്നോട്ട് എടുത്തു.. തലയിൽ ഇടിച്ച് ജീവനക്കാരന് ഗുരുതര പരുക്ക്…


        

പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിന്റെ ടാങ്കിൽ വെച്ചിരുന്ന നോസിൽ തലയിൽ വന്നിടിച്ച് ജീവനക്കാരന് ഗുരുതര പരുക്ക്. 75 കാരനായ ചെങ്ങാലൂർ സ്വദേശി മുള്ളക്കര വീട്ടിൽ ദേവസിക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ദേവസിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശ്ശൂർ പുതുക്കാടാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ പുതുക്കാട് പുളിക്കൻ ഫ്യൂവലിലാണ് സംഭവം. കാറിൽ പെട്രോൾ നിറക്കുന്നതിനിടെ ദേവസി കാർ ഡ്രൈവറിൽ നിന്ന് പണം വാങ്ങുകയായിരുന്നു. ഈ സമയത്ത് ടാങ്കിൽ ഘടിപ്പിച്ചിരുന്ന നോസിൽ എടുത്തിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. കാർ നീങ്ങുന്നത് കണ്ട് നോസിൽ എടുക്കാൻ ഓടിവന്ന ദേവസിയുടെ കഴുത്ത് ഇന്ധനം നിറയ്ക്കുന്ന ഹോസിൽ കുരുങ്ങുകയും കാറിൽ നിന്ന് വിട്ടുപോയ നോസിൽ ദേവസിയുടെ തലയിൽ വന്നടിക്കുകയുമായിരുന്നു.

തലയിടിച്ച് നിലത്ത് വീണ നിശ്ചലയായി കിടന്ന ഇയാളെ പമ്പിലെ മറ്റ് ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകട ദൃശ്യങ്ങൾ പമ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.



أحدث أقدم