'എനിക്ക് ഇത് താങ്ങാന്‍ പറ്റുന്നില്ല': തനിക്കെതിരെ ഭീഷണിയുണ്ടെന്ന് മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്‍വുമണുമായ സീമ വിനീത്


        

തനിക്കെതിരെ ഭീഷണിയുണ്ടെന്ന് മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്‍വുമണുമായ സീമ വിനീത്.  വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ തനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണെന്ന് സീമ പറയുന്നു. തനിക്കെതിരെ ചില വ്യക്തികള്‍ ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ താന്‍ കേട്ടുവെന്നും തനിക്ക് എന്ത് സംഭവിച്ചാലും അവരായിരിക്കും ഉത്തരവാദികളെന്നും സീമ കൂട്ടിച്ചേർത്തു

”ഞാന്‍ ജോലിക്കു പോകുന്ന സ്ഥലത്തുവെച്ച് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഉദ്ഘാടനത്തിന് പോകുന്നിടത്ത് ഓട്ടോയില്‍ വന്ന് മൈക്ക് കെട്ടി വിളിച്ച് പറയണം, വീട്ടില്‍ അതിക്രമിച്ചു കയറി തല്ലണം, വീട് ആക്രമിക്കണം, കല്ല്യാണം മുടക്കണം എന്നൊക്കെയാണ് അവര്‍ പറയുന്നത്. പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് എന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. 

എനിക്ക് ഇത് താങ്ങാന്‍ പറ്റുന്നില്ല. എങ്കിലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറഞ്ഞു വേണം അവർ നേരിടാൻ. പക്ഷേ, ഞാനില്ലാത്ത ഒരു ഗ്രൂപ്പ് ഉണ്ടാക്കി എന്നെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയാണ് അവർ ചെയ്യുന്നത്.  ഞാൻ കള്ളിയാണ്, മോശക്കാരിയാണ് പിടിച്ചു പറിക്കാരിയാണെന്ന് പറയണം എന്നൊക്കെയാണ് അവർ പറയുന്നത്

പത്ത് പതിനഞ്ച് വർഷമായി നന്നായി ജോലി ചെയ്താണ് ഞാൻ ജീവിക്കുന്നത്. എന്‍റെ എല്ലാ പേഴ്സണൽ കാര്യങ്ങളും ഞാൻ ഷെയർ ചെയ്യാറുണ്ട്. ഈ വോയ്സ് കേ‌ട്ട് എങ്ങനെയൊക്കെയോ ആണ് വീട്ടിലെത്തിയത്.  ഈ വീട്ടിൽ ഒറ്റയ്ക്കാണ് ഞാൻ താമസിക്കുന്നത്. അപ്പോൾ എനിക്ക് പേടിയുണ്ട്. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്.”, സീമ വിനീത് ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. തനിക്കെതിരെ ചിലർ സംസാരിക്കുന്നതിന്റെ ഓഡിയോയും സീമ ലൈവിൽ പങ്കുവെച്ചിട്ടുണ്ട്.

أحدث أقدم