
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂര്‍ വിജയകരമായി നടപ്പാക്കിയതിന് പിന്നാലെ പാകിസ്ഥാന്റെ ചങ്കിടിപ്പേറ്റുന്ന പോസ്റ്റ് പങ്കുവെച്ച് മുൻ കരസേന മേധാവി ജനറൽ എം എം നരവാനെ. സമൂഹ മാദ്ധ്യമമായ എക്സിൽ ‘പിക്ചര്‍ അഭി ബാക്കി ഹേ’ എന്നാണ് അദ്ദേഹം പങ്കുവെച്ചത്. കളി ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അര്‍ത്ഥമാക്കുന്ന വരികളാണ് നരവാനെയുടെ പോസ്റ്റിലുള്ളത്.
ഇന്ന് പുലര്‍ച്ചെ 1.05നാണ് പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂര്‍ നടത്തിയത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമായും 9 ഭീകര കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ ട്രെയിനിംഗ് സെന്ററുകളും ഒളിത്താവളങ്ങളും ലോഞ്ചിംഗ് പാഡുകളും ഇന്ത്യയുടെ ആക്രമണത്തിൽ തകര്‍ന്നു. കൊടും ഭീകരനായ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ അടക്കം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഭവല്‍പൂര്‍, മുറിട്കേ, സിലാല്‍ കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി 9 ഭീകര കേന്ദ്രങ്ങളുടെ മേല്‍ റഫാല്‍ വിമനത്തില്‍ നിന്ന് മിസൈലുകള്‍ വര്‍ഷിക്കുകയായിരുന്നു
ഓപ്പറേഷൻ സിന്ദൂറിൽ തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും ഒരു സൈനിക കേന്ദ്രത്തെയോ സാധാരണക്കാരെയോ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡര്‍ വ്യോമിക സിംഗ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തി ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഷെല്ലാക്രമണം ഉണ്ടാകുന്നുണ്ട്. പാക് സൈന്യത്തിന് തിരിച്ചടിക്കാൻ പാകിസ്ഥാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിലാണ്.