ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു പോകും വഴി അപകടം... ഓടിക്കൂടിയവരിൽ കുട്ടിയുടെ അമ്മയും… മകനെന്ന് തിരിച്ചറിഞ്ഞ അമ്മ…




അക്കിക്കാവ് : മിനിലോറിയിടിച്ച് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു പോകും വഴിയായിരുന്നു അപകടം. കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിന്റെ മകൻ അൽഫൗസാൻ (14) ആണ് മരിച്ചത്. അപകടം കണ്ട് ഓടിക്കൂടിയവരിൽ കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു. മറ്റുള്ളവരുടെ കൂടെ മരിച്ചതാരെന്നറിയാൻ സംഭവസ്ഥലത്തെത്തിയതായിരുന്നു അമ്മ സുലൈഖ. മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞ സുലൈഖ ബോധം നഷ്ടപ്പെട്ട് താഴെ വീണു. വ്യാഴാഴ്ച രാവിലെ പത്തരയോടെ അക്കിക്കാവ് ജങ്ഷനിലാണ് അപകടം.

അൽ ഫൗസാൻ അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. അക്കിക്കാവിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിൽനിന്ന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ ഗ്യാസ് സിലിൻഡർ കയറ്റിവന്ന മിനിലോറി ഇടിച്ചത്. റോഡുപണി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് സൈക്കിൾ തള്ളിക്കൊണ്ടാണ് റോഡരികിലൂടെ അൽ ഫൗസാൻ പോയിരുന്നത്. അൽ ഫൗസാനെ ഇടിച്ചുതെറിപ്പിച്ച് മിനിലോറി ശരീരത്തിലൂടെ കയറിയിറങ്ങി. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ലോറി ഒരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അൻപത് മീറ്ററോളം മാറിയാണ് നിന്നത്. സ്‌കൂട്ടർ യാത്രക്കാരനായ കൊങ്ങണൂർ വന്നേരിവളപ്പിൽ സുലൈമാന് പരിക്കേറ്റു.സുലൈഖയും ഭർത്താവ് മെഹബൂബും അൻസാർ ആശുപത്രിയിലെ ജീവനക്കാരാണ്.
Previous Post Next Post