തിരുവനന്തപുരം: ഒഡീഷയിലെ സംബൽപൂർ ജില്ലയിൽ തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർശന നിയമനടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഇക്കാര്യം ആവശ്യപ്പെട്ട് ഒറീസ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിക്ക് വേണുഗോപാൽ കത്തുനൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണിത്.
സംസ്ഥാനത്ത് ഇത്തരം അക്രമങ്ങൾ തുടർക്കഥയാകുന്നത് നിർഭാഗ്യകരമാണ്. വൈദികർ ബോയ്സ് ഹോസ്റ്റലിൽ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണ്. ഈ ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.