മുംബൈ: വിദ‍്യാർഥിയെന്ന വ‍്യാജേന ബോംബെ ഐഐടിയിൽ 14 ദിവസത്തോളം താമസിച്ച് വരികയായിരുന്ന ഗുജറാത്ത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിലാൽ അഹമ്മദ് എന്ന 22 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 26ന് ബിലാൽ സോഫയിൽ കിടന്ന് ഉറങ്ങുന്നത് കോളെജിലെ ജീവനക്കാരന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ ജീവനക്കാരൻ ചോദ‍്യം ചെയ്തപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ജീവനക്കാരൻ കോളെജിലെ ഉന്നത അധികാരികളെ വിവരം അറിയിച്ചു. അധികൃതർ സിസിടിവി കേന്ദ്രീകരിച്ച് പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ബിലാൽ വിദ‍്യാർഥിയല്ലെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളെജിൽ കറങ്ങി നടക്കുന്നതായും കണ്ടെത്തി.
തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബിലാലിനെ ജൂലൈ 7 വരെ 14 ദിവസത്തേക്ക് ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു. കോളെജിലെ പിഎച്ച്ഡി വിദ‍്യാർഥിയാണെന്നായിരുന്നു ഇയാൾ സ്വയം പരിച്ചയപ്പെടുത്തിയിരുന്നത്. കൂടാതെ വ‍്യാജ പ്രവേശന രേഖകൾ ഉപയോഗിച്ച് ആർട്ടിഫിഷ‍്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുത്തതായി ക്രൈം ബ്രാഞ്ച് ഉദ‍്യോഗസ്ഥർ പറയുന്നു.
ക്രൈം ബ്രാഞ്ചിന്‍റെ ചോദ‍്യം ചെയ്യലിനൊടുവിൽ കഴിഞ്ഞ വർഷം ഒരു മാസത്തോളം കോളെജിൽ താമസിച്ചിരുന്നതായി ബിലാൽ വെളിപ്പെടുത്തി. അന്വേഷണത്തിന്‍റെ ഭാഗമായി ബിലാലിന്‍റെ ഫോൺ ഉദ‍്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഫോണിലെ വിവരങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഫോണിലുള്ള വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്.
ഇയാളുടെ ഫോണിൽ നിന്നും കോളെജിന്‍റെ വിഡിയോയും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത് ആർക്കും കൈമാറിയിട്ടില്ല. കൂടാതെ ബിലാലിന്‍റെ പേരിൽ 21 ഇമെയിൽ ഐഡികൾ ഉള്ളതായും കണ്ടെത്തി. എന്നാൽ ബ്ലോഗുകൾക്കു വേണ്ടിയാണ് 21 ഇമെയിൽ ഐഡികൾ നിർമിച്ചതെന്നായിരുന്നു ബിലാലിന്‍റെ വെളിപ്പെടുത്തൽ. സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറാകാനും കൂടുതൽ പണം നേടാനും തനിക്ക് ആഗ്രഹമുണ്ടായിരുന്നതായും ബിലാൽ പറഞ്ഞു.