തല ഉയര്‍ത്തി ‘കേരള മോഡൽ’; രാജ്യത്ത് 19 ഇടങ്ങളിലേയ്ക്ക് കൂടി വാട്ടര്‍ മെട്രോ





കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ മാതൃകയിൽ രാജ്യത്ത് കൂടുതൽ വാട്ടര്‍ മെട്രോ പദ്ധതികൾ ഒരുങ്ങുന്നു. 19 ഇടങ്ങളിൽ വാട്ടര്‍ മെട്രോ സര്‍വീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിൽ മുംബൈയ്ക്കാണ് പ്രഥമ പരിഗണന ലഭിക്കുക.

മുംബൈയ്ക്ക് വേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആര്‍എൽ) സാധ്യതാ പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. നിലവിൽ പദ്ധതി രൂപരേഖ തയ്യാറാക്കി ടെൻഡര്‍ നടപടികളിലേയ്ക്ക് കടക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ കണ്ടെത്താനുള്ള ടെൻഡറിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും പങ്കെടുക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത് കൊച്ചിയിലാണ്. അതിനാൽ തന്നെ വാട്ടര്‍ മെട്രോ സര്‍വീസ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിൽ കെഎംആര്‍എല്ലിന്റെ പങ്ക് വളരെ വലുതാണ്. ഇതിനോടകം തന്നെ അയോധ്യ, പ്രയാഗ്രാജ്, വാരണാസി, ശ്രീനഗർ, പട്ന, അഹമ്മദാബാദ്, സൂറത്ത്, ഗുവാഹത്തി, തേജ്പൂർ, ഡിബ്രുഗഢ് എന്നിവിടങ്ങളിൽ കെഎംആര്‍എൽ സാധ്യതാ പഠനം നടത്തുന്നുണ്ട്. ഡിസംബര്‍ 31ന് മുമ്പ് തന്നെ എല്ലാ സ്ഥലങ്ങളിലെയും സധ്യാതാ പഠനങ്ങൾ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെഎംആര്‍എല്ലിന്റെ ശ്രമം
أحدث أقدم