ഭദ്രകാളി ക്ഷേത്രത്തിന്‍റെ ഗോപുര നടയിൽ ദുർഗാ ദേവിയുടെ വിഗ്രഹം.. എങ്ങനെയെത്തി..





പാച്ചല്ലൂരിൽ ക്ഷേത്രത്തിൻറെ ഗോപുര നടയിൽ ദേവി വിഗ്രഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാച്ചല്ലൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിൻറെ വടക്കേ ഗോപുര നടമണ്ഡപത്തിന് സമീപമാണ് ഇന്നലെ വൈകിട്ടോടെ ദുർഗാദേവിയുടെ വിഗ്രഹം കണ്ടെത്തിയത്. ഇതേ ക്ഷേത്രവുമായി ബന്ധമില്ലാത്തതിനാൽ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ, ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്നു വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേ ക്ഷേത്രത്തിൽ നിന്ന് സമീപവാസികൾ മോഷ്ടിച്ച സ്വർണവും വെള്ളി ചിലമ്പും മൂന്ന് പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതിയിൽ നിന്ന് ക്ഷേത്രം അധികൃതർക്ക് കൈമാറിയത്.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് അലങ്കരിച്ച തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകടമ്പടിയിൽ ഘോഷയാത്രയായാണ് ഇവ ക്ഷേത്രത്തിലെത്തിച്ചത്. ആഭരണങ്ങൾ ക്ഷേത്രത്തിൽ എത്തിയതിന് പിന്നാലെ മോഷ്ടാക്കളിൽ ഒരാൾ മരണപ്പെട്ടതായും ക്ഷേത്ര ഭാരവാഹി പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ ഇതേ ക്ഷേത്രത്തിന് സമീപം വിഗ്രഹം കണ്ടെത്തിയതിലുള്ള ആശ്ചര്യത്തിലാണ് നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും.
أحدث أقدم