പോലീസ് വേഷത്തിൽ ട്രയിനിലെ യാത്രക്കാരിൽ നിന്ന് 25 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യ പ്രതി പിടിയിൽ,പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നിന്നാണു പോലീസ് ഇയാളെ പിടികൂടിയത്





ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ പൊലീസാണെന്നു തെറ്റിദ്ധരിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കേരളശ്ശേരി കുണ്ടലശ്ശേരി സ്വദേശി കെ.സുലൈമാനെയാണു (54) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ 8 പേർ അറസ്റ്റിലായി. സുലൈമാനിൽ നിന്നു 12,000 രൂപയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതിയെ പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നിന്നാണു പിടികൂടിയത്.

സുലൈമാനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 16ന് ആണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിൽ നിന്നു കണ്ണൂർ പാസഞ്ചറിൽ മടങ്ങുകയായിരുന്ന മിഠായി വ്യാപാരികളെ പൊലീസാണെന്നു തെറ്റിദ്ധരിപ്പിച്ചെത്തിയ 5 അംഗ സംഘം ആദ്യം പരിശോധനയ്ക്കു വിധേയമാക്കി. ഇവരുടെ കയ്യിൽ പണം കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് അറിയിച്ച് കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറക്കി. പിന്നീട് കാറിൽ കയറ്റി മർദിച്ചു പണം കവർന്നതിനു ശേഷം
ഇരുവരെയും വാളയാറിൽ ദേശീയപാതയോരത്ത് തള്ളിയിട്ടു കടന്നുകളഞ്ഞു. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ബാക്കി പണം കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു.
പത്തനംതിട്ട പൊലീസിന്റെ കൂടി സഹായത്തോടെയാണ് സുലൈമാനെ പിടികൂടിയത്. എഎസ്പി ആർ.രാജേഷ്, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ എച്ച്.ഹർഷാദ്, ബി.പ്രമോദ്, എഎസ്ഐമാരായ പി.എച്ച്.നൗഷാദ്, മുഹമ്മദ് ഷെരീഫ്, സീനിയർ സിപിഒമാരായ ആർ.രഘു, എസ്.വിനോദ്, സിപിഒ ഷഫീഖ് റഹ്മാൻ എന്നിവർക്കൊപ്പം ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണു പ്രതിയെ പിടികൂടിയത്.




Previous Post Next Post