
പത്തനംതിട്ട കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
കോന്നിയിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങി കാട്ടാനകൾ വലിയ തോതിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെയാണ് ആനയെ തുരത്താൻ വനംവകുപ്പ് ദൗത്യം ആരംഭിക്കുന്നതും. ആനയുടെ സഞ്ചാരപാത ഉൾപ്പടെ കണ്ടെത്തിക്കൊണ്ടായിരുന്നു ദൗത്യം. ഉദ്യോഗസ്ഥരുടെ പരുക്ക് അത്ര സാരമില്ല. ഇനി വരും ദിവസങ്ങളിൽ കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.