
കടമായി ചോദിച്ച പണം കൊടുക്കാൻ വിസമ്മതിച്ചതിന് സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി. ദില്ലിയിലെ ഛത്തർപുറിൽ ഒരു ഫാമിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ 42 കാരൻ സിതാറാമാണ് കൊല്ലപ്പെട്ടത്. കേസിൽ ഫാം ഹൗസിലെ ഡ്രൈവറായ ചന്ദ്ര പ്രകാശ് (47) നെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തായി കിടക്കുന്ന ഛത്തർപുറിലെ ഫാം ഹൗസിലാണ് കൊലപാതകം നടന്നത്. സിതാറാമിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിനൊടുവിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ഇന്നലെയാണ് സിതാറാമിനെ കാണാനില്ലെന്ന് മെഹ്റോലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്.
ഇന്നലെ രാവിലെ ഫാം ഹൗസിൻ്റെ പ്രധാന വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. സീതാറാമിനെ ഇവിടെയൊന്നും കാണാതെ വന്നതോടെ രാവിലെ ഇവിടെയെത്തിയ മറ്റ് ജോലിക്കാരാണ് പൊലീസിനെ അറിയിച്ചത്. കൊലപാതകം നടന്ന ഫാം ഹൗസിൽ ഗാർഹിക തൊഴിലാളിയായിരുന്നു സിതാറാം. കഴിഞ്ഞ പത്ത് വർഷമായി ഇയാളിവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫാം ഹൗസിൻ്റെ ഉടമ ഇവിടെയല്ല താമസിക്കുന്നത്.