പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടത്. ഇപ്പോഴത്തെ അംഗബലത്തിൽ എന്‍ഡിഎ സ്ഥാനാർത്ഥിക്ക് ജയം ഉറപ്പാണ്. ജഗദീപ് ധന്‍കറിന്‍റെ രാജി സര്‍ക്കാരിനെ വെട്ടിലാക്കിയതോടെ പ്രതിസന്ധി മറികടക്കാന്‍ പുതിയ ഉപരാഷ്ട്രപതിക്കായുള്ള ചര്‍ച്ച നടത്തുകയാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍. രാംനാഥ് താക്കൂർ, രാജ്‌നാഥ് സിംഗ്, ആരിഫ് മുഹമ്മദ് ഖാൻ അടക്കം നിരവധി പേരുകൾ ചർച്ചയിലുണ്ട്. അതേസമയം, ജഗദീപ് ധന്‍കറിന്‍റെ രാജിയുടെ കാരണം എന്തെന്നതില്‍ അവ്യക്തത തുടരുകയാണ്. ധൻകറിന്റെ രാജിയുടെ കാരണത്തിൽ കേന്ദ്രം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ധന്‍കറിന് ആശംസ നേര്‍ന്നെങ്കിലും ബിജെപി നേതൃത്വം മൗനം തുടരുകയാണ്.
ജഗദീപ് ധന്‍കറിന് യാത്രയയപ്പ് നല്‍കാത്തതും ചര്‍ച്ചയായി. വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. വെറും രണ്ട് വരിയില്‍ മാത്രം പ്രധാനമന്ത്രി ആശംസയറിയിച്ചതും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്ന സൂചന ശക്തമാകുന്നതിനിടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ചു. കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു. ധന്‍കറിന്‍റെ രാജി ആഭ്യന്തരമന്ത്രാലയം വിഞ്ജാപനം ചെയ്ത പശ്ചാത്തലത്തില്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ വൈകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയേക്കും.