മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം: 10 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി എം എ യൂസഫലി



വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് സഹായവുമായി ലുലു ഗ്രൂപ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി. ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പണം കൈമാറിയത്.

വയനാട് പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ ലുലു ഗ്രൂപ് ചെയര്‍മാന്‍ 5 കോടി രൂപ കൈമാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഈ തുക കൈമാറിയത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും എന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു.

വയനാട് ടൗണ്‍ഷിപ്പ് എന്ന നിലയില്‍ ആണ് ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ 351,48,03,778 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. ഇതിനായി മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലയിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും ഏഴു സെന്റില്‍ ആയിരം ചതുരശ്രയടി വിസ്തീര്‍മുള്ള വീടാണ് നിര്‍മിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ഉള്‍പ്പെടെയാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്.
أحدث أقدم