
വടക്കുപടിഞ്ഞാറൻ ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തിൽ 12 പേർ മരിച്ചതായും നാല് പേരെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
റിപ്പോർട്ടുകൾ പ്രകാരം, പാലത്തിന്റെ പ്രധാന സ്റ്റീൽ കേബിളുകളിലൊന്ന് പൊട്ടിയതാണ് അപകട കാരണം. ഇതിന്റെ ഫലമായി പാലത്തിന്റെ മധ്യഭാഗം നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഏകദേശം 16 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഇവരിൽ 15 പേർ സാധാരണ തൊഴിലാളികളും ഒരാൾ പ്രോജക്ട് മാനേജറുമായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ തന്നെ ദുരന്തനിവാരണ സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു.
സിചുവാൻ-ക്വിങ്ഹായ് റെയിൽവേ പദ്ധതിയുടെ ഭാഗമായ ഈ പാലം നിർമാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീൽ ആർച്ച് പാലമായി മാറുമായിരുന്നു. ചൈനയിൽ ഇത്തരം നിർമാണസ്ഥലങ്ങളിലെ അപകടങ്ങൾ പുതുമയുള്ളതല്ല. കഴിഞ്ഞ ഡിസംബറിൽ ഷെൻഷെനിൽ ഒരു റെയിൽവേ ടണൽ തകർന്നുണ്ടായ അപകടത്തിൽ 13 തൊഴിലാളികളെ കാണാതായിരുന്നു. ഇത് രാജ്യത്തെ നിർമാണ പ്രവർത്തനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു.