രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തം; സോണിയാ ഗാന്ധിക്ക് ഒരു ലക്ഷം പരാതി അയക്കാന്‍ എസ്എഫ്‌ഐ


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്ഐ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഒരു ലക്ഷം കത്തുകള്‍ അയയ്ക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന നേതാവ് സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ഇന്ത്യയുടെ സുപ്രധാന പാര്‍ട്ടിയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന സോണിയാ ഗാന്ധി മനസിലാക്കണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ എന്നെന്നേക്കുമായി കേരള രാഷ്ട്രീയത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടണമെന്നും സഞ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിലെ എസ്എഫ്ഐ പ്രതിനിധികളായ പെണ്‍കുട്ടികളും വിദ്യാര്‍ത്ഥിനികളുമായിരിക്കും സോണിയാ ഗാന്ധിക്ക് കത്തെഴുതുകയെന്നും സഞ്ജീവ് പറഞ്ഞു. വയനാട് എംപികൂടിയായ പ്രിയങ്ക ഗാന്ധിയും മഹിളാ കോണ്‍ഗ്രസിന്റെ നേതാക്കളും കെഎസ് യുവിന്റെ വനിതാ വിംഗും കോണ്‍ഗ്രസിന്റെ വനിതാ എംപിമാരും വിഷയത്തില്‍ ഉത്തരവാദിത്തത്തോടെ ഇടപെടണം. കൃത്യമായ നിലപാടെടുക്കണം. ഇയാള്‍ തിരിച്ചുവരികയാണെങ്കില്‍ അത് ഇരകളെ വേട്ടയാടുന്നതിന് തുല്യമായിരിക്കും. ആ രാഷ്ട്രീയ മാലിന്യത്തെ പുറത്താക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.

ഷാഫി പറമ്പില്‍ എംപിക്കെതിരെയും സഞ്ജീവ് ആഞ്ഞടിച്ചു. പാലക്കാട് നിന്ന് ഓടി എംപിയായി വന്ന് ഇപ്പോള്‍ ബിഹാറിലേയ്ക്ക് പോയിരിക്കുന്ന ഷാഫി പറമ്പില്‍ കേരളത്തിലേക്ക് വന്നാല്‍ വിഷയത്തില്‍ പ്രതികരിക്കേണ്ടിവരും. തങ്ങള്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമെന്ന് സഞ്ജീവ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുനിരത്തില്‍ പ്രത്യേകിച്ച് പാലക്കാട് അത്ര എളുപ്പത്തില്‍ ഇറങ്ങി നടക്കില്ലെന്നും സഞ്ജീവ് പറഞ്ഞു.

أحدث أقدم