ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിനും കാമുകിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി


മാവേലിക്കര- ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും കാമുകിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നൂറനാട് സ്വദേശിനി അമ്പിളിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതിയായ ഭർത്താവ്, പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ആദർശ് ഭവനിൽ സുനിൽകുമാർ (44), രണ്ടാം പ്രതിയും സുനിലിന്റെ കാമുകിയുമായ പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ശ്രീരാഗ് ഭവനത്തിൽ ശ്രീലത എന്നിവർക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി.ശ്രീദേവി ഉത്തരവായത്. രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

ഒന്നാം പ്രതിക്ക് രണ്ടാം പ്രതിയായ കാമുകിയോടൊപ്പം ജീവിക്കുന്നതിനായി ഒന്നാം പ്രതി ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ച് ബോധം കെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി കാമുകിയുടെ പ്രേരണയാലാണ് കൃത്യം നടത്തിയതെന്ന കണ്ടെത്തലിലാണ് ഇവർക്കും ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും പിഴ തുക അടച്ചില്ലങ്കില്‍ 6 മാസം കൂടി കഠിനതടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്. പിഴത്തുക അമ്പിളിയുടെ രണ്ട് കുട്ടികള്‍ക്കുമായി വീതിച്ച് നല്‍കണമെന്നും വിധിയിൽ പറയുന്നുണ്ട്.

നൂറനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബി.ബിജു രജിസ്റ്റർ ചെയ്ത് കുറ്റപത്രം ഹാജരാക്കിയ കേസിൽ മാവേലിക്കര ഇൻസ്പെക്ടർ ആയിരുന്ന പി.ശ്രീകുമാറാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.

Previous Post Next Post