അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പൊളിറ്റിക്കൽ കരിയർ...


        

അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പൊളിറ്റിക്കൽ കരിയർ. സമൂഹമാധ്യമങ്ങളിലെ എഴുത്തും ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യവുമാണ് കോൺഗ്രസ്‌ പാർട്ടിയിൽ രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്. തുടർച്ചയായി ഉണ്ടായ ആരോപണങ്ങൾ ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുന്നതിൽ പോലും വെല്ലുവിളിയാണ്.


രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം രാജിവച്ചിരിക്കുകയാണ്. റിനി ആൻ ജോർജും ഹണി ഭാസ്കരനും ഉൾപ്പെടെ പലരും ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് രാഹുലിന് രാജിവെക്കേണ്ടിവന്നത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച രാഹുൽ ബിസിനസുകാരൻ കൂടിയാണ്.

പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിൽ പഠിച്ചുകൊണ്ടിരിക്കെ 2006ൽ കേരള സ്റ്റുഡൻ്റ്സ് യൂണിയനിലൂടെയാണ് രാഹുൽ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. 2007ൽ കെഎസ്‌യു അടൂർ യൂണിറ്റ് പ്രസിഡൻ്റായ രാഹുൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മറ്റി പ്രസിഡൻ്റായി. യൂണിവേഴ്സിറ്റി കൗൺസിലർ, കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി, കെഎസ്‌യു സ്റ്റേറ്റ് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗം തുടങ്ങി വിവിധ ചുമതലകൾ വഹിച്ചു. 2023ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ പാലക്കാട് മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഹുൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. 18,840 വോട്ടുകൾക്കായിരുന്നു ജയം. നിലവിൽ പാലക്കാട് എംഎൽഎയാണ്.

രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം രാഹുൽ ബിസിനസുകാരനുമാണ്. പുരുഷന്മാരുടെ ഒരു ബ്യൂട്ടി പാർലറിൻ്റെ ഉടമയാണ് രാഹുൽ. ഒരു മെഡിക്കൽ ഷോപ്പിലും കുട്ടികളുടെ വസ്ത്രക്കടയിലും രാഹുലിന് പാർട്ണർഷിപ്പുണ്ട്. ഒരു മിൽമ ഏജൻസിയും രാഹുലിനുണ്ട്.

പത്തനംതിട്ടയിലെ സ്വന്തം വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുന്നതായി അറിയിച്ചത്. നേതൃത്വം തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ആദ്യം രാജിവെക്കില്ലെന്ന് പറഞ്ഞ രാഹുൽ ഉടൻ തന്നെ രാജി അറിയിക്കുകയായിരുന്നു. യുവ നടി തന്റെ വളരെ അടുത്ത സുഹൃത്താണെന്നും തൻ്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

أحدث أقدم