കാസര്‍ഡോഡ്: കാസര്‍ഗോഡ് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ്.മഞ്ചേശ്വരം കടമ്പാർ ജിഎച്ച്എസ്എസിലേക്കാണ് മാറ്റിയത്. ഹെഡ്മാസ്റ്ററുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റം.
സംഭവത്തിൽ പ്രധാന അധ്യാപകന് വീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സ്ഥലം മാറ്റി ഉടൻ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച് വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് കോളറിൽ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.