മറ്റക്കര (കോട്ടയം) ഇറ്റലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ബൾഗേറിയയിലെ ആശുപ്രതിയിൽ ചികിത്സയിലിരിക്കെ മറ്റക്കര സ്വദേശി മരിച്ചു. മണ്ണൂർപ്പള്ളി വട്ടകോട്ടയിൽ വി.സി.ജോസ്, മേരി ദമ്പതികളുടെ മകൻ ജിജോ ജോസഫ് (46) ആണ് ബൾഗേറിയയിൽ മരിച്ചത്. ഒന്നര മാസത്തെ അവധിക്കു ശേഷം ഇറ്റലിയിലെ ജോലിസ്ഥലത്തേക്കു കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ വിമാനത്തിൽ വച്ച് ശാരീരികാസ്വാസ്ഥ്യം
ഉണ്ടാവുകയായിരുന്നു.
രണ്ടിനു പുലർച്ചെ 5.20ന് എയർഇന്ത്യ വിമാനത്തിൽ കൊച്ചിയിൽ നിന്നാണ് ജിജോയും കുടുംബവും യാത്ര തിരിച്ചത്. ഡൽഹിയിൽനിന്ന് ഉച്ചയ്ക്ക് 2.30ന് വിമാനം മാറിക്കയറി. ടേക് ഓഫ് ചെയ്ത് ഒരുമണിക്കൂറിനു ശേഷം അസ്വസ്‌ഥത പ്രകടിപ്പിക്കുകയായിരുന്നു. വിമാനത്തിലെ രണ്ടു ഡോക്‌ടർമാർ പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 15 വർഷമായി ജിജോയും കുടുംബവും ഇറ്റലിയിലെ മിലനിലാണ് താമസം. സംസ്കാരം പിന്നീട്. ഭാര്യ: പടമുഖം വാഴകാട്ട് കുടുംബാംഗം സിമി. മക്കൾ: എവലിൻ, എഡ്വിൻ, ഇമ്മാനുവൽ.