ആര്‍ എന്‍ രവി തമിഴ്‌നാടിനും തമിഴ്‌നാട്ടുകാര്‍ക്കും എതിരാണ്’: തമിഴ്‌നാട് ഗവര്‍ണറുടെ കയ്യില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ഥിനി





തിരുനെല്‍വേലി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പക്കല്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ഥി. മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ 32 ാമത് ബിരുദദാന ചടങ്ങിലാണ് നാടകീയ സംഭവം. പകരം വിസിയില്‍ നിന്നാണ് വിദ്യാര്‍ഥിനി സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.

മൈക്രോ ഫിനാന്‍സിലാണ് ജീന്‍ ജോസഫ് ഡോക്ടറേറ്റ് നേടിയത്. താന്‍ ഗവര്‍ണറെ മന:പൂര്‍വ്വം ഒഴിവാക്കിയതാണെന്ന് ജീന്‍ പിന്നീട് വ്യക്തമാക്കി. ' ആര്‍ എന്‍ രവി തമിഴ്‌നാടിനും തമിഴ്‌നാട്ടുകാര്‍ക്കും എതിരാണ്. അദ്ദേഹം തമിഴ് ജനതയ്ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ബിരുദം വങ്ങാന്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല'-ജീന്‍ പറഞ്ഞു.

ചടങ്ങിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുഖ്യാതിഥിയായ ഗവര്‍ണറെ മറികടന്ന് അദ്ദേഹത്തിനൊപ്പം നില്‍ക്കുകയായിരുന്ന വിസി എന്‍ ചന്ദ്രശേഖറില്‍ നിന്ന് ജീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് കാണാം. വിദ്യാര്‍ഥിനിക്ക് അബദ്ധം പറ്റിയതെന്നാണ് ഗവര്‍ണര്‍ ആദ്യം കരുതിയത്. എന്നാല്‍, തന്റെ ആംഗ്യത്തിലൂടെ വിസി നല്‍കുന്നതാണ് താല്‍പര്യമെന്ന് ജീന്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഗവര്‍ണര്‍ തല കുലുക്കുന്നത് കാണാം.

ചടങ്ങില്‍ നിന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിട്ടുനിന്നിരുന്നു.അതേസമയം, ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഡിഎംകെ ജില്ലാ നേതാവിന്റെ ഭാര്യയാണ് ജീന്‍ ജോസഫെന്ന് കെ. അണ്ണാമലൈ പറഞ്ഞു. മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്താല്‍ എന്താകും? പാര്‍ട്ടി പദവികള്‍ക്കായി നാടകം കളിക്കുന്നത് അപലപനീയമാണെന്നും അണ്ണാമലൈ പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകള്‍ അംഗീകരിക്കാതെ പിടിച്ചുവയ്്ക്കുന്നിന്റെ പേരില്‍ ഡിഎംകെയും ഗവര്‍ണറും തമ്മില്‍ ദീര്‍ഘനാളായി പോരിലാണ്. ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നും മന്ത്രിസഭയുടെ ഉപദേശത്തോടെയും സഹായത്തോടെയും വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും ഒരു മാസത്തിനകം ബില്ലുകളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍, വിധിക്ക് ശേഷവും കലൈഞ്ജര്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കാതെ രാഷ്ട്രപതിക്ക് റഫര്‍ ചെയ്തിരിക്കുകയാണ് ഗവര്‍ണര്. ബില്‍ പ്രകാരം പുതിയ സര്‍വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രിയാണ്.

ഇതിനുമുമ്പ് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ ഗവര്‍ണര്‍ അദ്ധ്യക്ഷത വഹിച്ച ബിരുദദാന ചടങ്ങുകള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ആദ്യമായാണ് ഒരു പിഎച്ച്ഡി സ്‌കോളര്‍ പരസ്യമായി ഗവര്‍ണറെ ഒഴിവാക്കുന്നത്.
أحدث أقدم