രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തെ ശരിവയ്ക്കുന്നത്: അസം മുഖ്യമന്ത്രി




ഗുവാഹത്തി: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് വരുത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണം ശരിയെന്ന് തെളിയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിലെ ഒരു ഭാഗം ചൂണ്ടിക്കാട്ടിയാണ് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രതികരണം. രാജ്യത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കേണ്ടതിനെ കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിവരുന്ന വോട്ടര്‍പട്ടിക പുനക്രമീകരണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇവിടങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ച ബംഗ്ലാദേശ് പൗരന്‍മാരെ കണ്ടെത്താന്‍ ഇത് സഹായിക്കും എന്നും അദ്ദേഹം പറയുന്നു. എസ്ഐആര്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി തന്നെ പറയുകയാണ്. ചില പ്രത്യേക പേരുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ക്രമക്കേട് ആരോപിച്ചത്. അസമിലെ വോട്ടര്‍ പട്ടികയില്‍ ബംഗ്ലാദേശികളുടെ പേരുകള്‍ ഉണ്ട്. ബാര്‍പേട്ട, ഗുവാഹത്തി, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലും ഇതേ പേരുകള്‍ ഉണ്ടാകും. അതുകൊണ്ടാണ് ബിഹാറില്‍ എസ്ഐആര്‍ നടപ്പാക്കുന്നത്. മരിച്ചവരുടെ പേരുകള്‍ പോലും അസമിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യങ്ങള്‍ മൂലമാണ് അസമില്‍ ഇത് എസ്ഐആര്‍ ആവശ്യമാകുന്നത്. ഇന്നലത്തെ പ്രതികരണത്തോടെ വളരെക്കാലത്തിനുശേഷം, രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ എസ്ഐആര്‍ ആവശ്യമാണെന്ന് സ്ഥാപിക്കുന്നു. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു, ശര്‍മ്മ പറഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചു, കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നു എന്നുള്‍പ്പെടെ ആയിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തട്ടിപ്പ് കണ്ടെത്തിയതെന്നും ഇതിനായി ആറു മാസമെടുത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നതായും ഇവിടെ ബിജെപി വിജയിച്ചത് 33000 വോട്ടിനാണെന്നും രാഹുല്‍ പറഞ്ഞു.
أحدث أقدم