കൂരോപ്പട : ജോഷിയെത്തി ; പെരുന്തേനീച്ചകൾ പറന്നകന്നു. ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂളിൽ പെരുന്തേനീച്ചകൾ ഞായറാഴ്ചയാണ് കൂട് കൂട്ടിയത്. സ്കൂളിന്റെ രണ്ടാം നിലയിലെ ഷെയിഡിലാണ് പെരുന്തേനീച്ചകൾ ഇരിപ്പുറപ്പിച്ചത്. തിങ്കളാഴ്ച സ്കൂളിലെത്തിയ അധ്യാപകരും വിദ്യാർത്ഥികളും ഭയന്നാണ് സ്കൂളിൽ കഴിഞ്ഞത്.
പെരുന്തേനീച്ചയെ പിടികൂടാൻ വിദഗ്ധനായ പൂഞ്ഞാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോഷി മൂഴിയാങ്കലിനെ വിവരം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം സ്ഥലത്ത് എത്തിയ ജോഷി അനായാസം പെരുന്തേനീച്ചകളെ തുരത്തി. ഒന്നൊഴിയാതെ എല്ലാം പറന്നകലുകയായിരുന്നു. ജോഷി തന്റെ കൈവശമുള്ള മരുന്ന് ഉപയോഗിച്ച് അക്രമകാരികളായ ഈച്ചയെ മയക്കിയാണ് സ്കൂളിൽ നിന്ന് ഒഴിവാക്കിയത്. തേനീച്ചകൾ പറന്ന് അകന്നതിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് സ്കൂൾ മാനേജർ ആർ. രാമചന്ദ്രൻ നായരും സെക്രട്ടറി ഗോപൻ വെള്ളമറ്റവും പറഞ്ഞു. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ജില്ലാ പ്രസിഡന്റ് കൂടിയായ ജോഷി കഴിഞ്ഞ ദിവസം ളാക്കാട്ടൂർ കവലയിലെ വീട്ടിൽ നിന്ന് തുരത്തിയിരുന്നു.