മതപരിവര്‍ത്തനത്തിന് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്ന നിയമവുമായി ഉത്തരഖണ്ഡ്; ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടെന്ന് ആക്ഷേപം



മതപരിവര്‍ത്തനത്തിന്റെ പേര് പറഞ്ഞ് ക്രിസ്ത്യാനികള്‍ക്കുള്ള പണികള്‍ ഒന്നിന് പിറകെ ഒന്നായി ബിജെപി സര്‍ക്കാരുകള്‍ ഒരുക്കുന്നു. മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍്കുന്ന നിയമഭേദഗതിക്ക് ഉത്തരഖണ്ഡ് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. പുതിയ ഭേദഗതിയിലൂടെ രാജ്യത്ത് മതപരിവര്‍ത്തനത്തിന് ഏറ്റവും കടുത്ത ശിക്ഷ നല്‍കുന്ന സംസ്ഥാനമായി ഉത്തരഖണ്ഡ് മാറി.

ബുധനാഴ്ച ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 2018ലെ മതപരിവര്‍ത്തന നിയമത്തില്‍ ഭേദഗതി (The Uttarakhand Freedom of Religion (Amendment) Bill-2025) വരുത്താന്‍ തീരുമാനിച്ചത്.നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കുന്ന കുറ്റമായിട്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ജീവപര്യന്തം തടവുശിക്ഷയും 10 ലക്ഷം രൂപവരെ പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിര്‍ബന്ധിത മതംമാറ്റം ജാമ്യമില്ലാ കുറ്റമായിരിക്കും. വാറന്റ് ഇല്ലാതെതന്നെ അറസ്റ്റ് ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓഗസ്റ്റ് 19-ന് ആരംഭിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രലോഭനം കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മാനങ്ങള്‍, പണം, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മറ്റൊരു മതത്തെ മഹത്വവല്‍ക്കരിക്കല്‍ എന്നിവയെല്ലാം പ്രലോഭനത്തില്‍ വരും.


ഭരണഘടനാവിരുദ്ധമായ ഈ നിയമനിര്‍മാണം സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കും വലിയ ആശങ്കകള്‍ക്കും വഴിവെക്കും എന്ന് ഉറപ്പാണ്. 2018-ലെ നിയമം ഭേദഗതി ചെയ്ത് 2022-ല്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും കുറേക്കൂടെ കഠിനമാക്കിയിരിക്കയാണ്. ഇതിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വെക്കാനും അവരുടെ അവകാശങ്ങളെ ഹനിക്കാനും വേണ്ടിതന്നെയുള്ളതാണെന്ന് നിയമവിദഗ്ദ്ധരും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലീജിയന്‍ (ഭേദഗതി) ആക്റ്റ്, 2025 പ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇര, പ്രായപൂര്‍ത്തിയാകാത്തയാളോ സ്ത്രീയോ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളോ ആണെങ്കില്‍ ശിക്ഷ 10 വര്‍ഷം വരെയാകാം. കൂടാതെ 50,000 രൂപയില്‍ കുറയാത്ത പിഴയും ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നല്‍കാന്‍ വ്യവസ്ഥയുണ്ട്. രണ്ടോ അതിലധികമോ ആളുകളെ ഒരുമിച്ച് മതം മാറ്റുന്നത് കൂട്ടമതപരിവര്‍ത്തനമായി കണക്കാക്കുകയും 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തു. പ്രത്യേക വിഭാഗമായി വിവക്ഷിച്ചിട്ടുള്ള ജനവിഭാഗത്തില്‍ നിന്നുളളവരെ മതം മാറ്റിയാല്‍ 14 വര്‍ഷം മുതല്‍ 20 വരെ ശിക്ഷ കിട്ടാവുന്നതാണെന്നും ഭേദഗതി നിയമം അനുശാസിക്കുന്നുണ്ട്


വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ അന്യ മതത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതും, അവര്‍ക്ക് സംരക്ഷണമൊരുക്കുന്നതും, ആരോഗ്യ പരിപാലനം നല്‍കുന്നതും, സഞ്ചരിക്കാന്‍ യാത്രാ സഹായം നല്‍കുന്നതുമെല്ലാം കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം കേസുകളുടെ വിചാരണം സെഷന്‍സ് കോടതിയിലാകും നടക്കുക. അറസ്‌റിലായ വ്യക്തി കുറ്റക്കാരനല്ലെന്ന് ബോധ്യമായാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ. ഇതേ കുറ്റകൃത്യം നടത്തില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ലഭിച്ച വസ്തുക്കളും ആസ്തികളും കണ്ടുകെട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ബില്ലില്‍ അധികാരം നല്‍കുന്നുണ്ട്.



أحدث أقدم