
മാവേലിക്കര- നൂറനാട് അമ്പിളി കൊലക്കേസ്സിൽ പ്രതികളായ ഭർത്താവും കാമുകിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊല്ലപ്പെട്ട അമ്പിളിയുടെ ഭർത്താവും ഒന്നാം പ്രതിയുമായ പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ആദർശ് ഭവനിൽ സുനിൽകുമാർ (44), കാമുകിയായ രണ്ടാം പ്രതിയുമായ പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ശ്രീരാഗ് ഭവനത്തിൽ ശ്രീലത എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിക്ക് രണ്ടാം പ്രതിയായ കാമുകിയോടൊപ്പം ജീവിക്കുന്നതിനായി ഭാര്യയായ അമ്പിളിയെ ദേഹോപദ്രവം ഏൽപ്പിച്ച് ബോധംകെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. സുനിൽകുമാർ കാമുകിയുടെ പ്രേരണയാലാണ് കൃത്യം നടത്തിയതെന്നും കോടതി കണ്ടെത്തിയതിനാലാണ് ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി.ശ്രീദേവി നിരീക്ഷിച്ചത്. കേസിന്റെ വിധി 12ന് പ്രസ്താവിക്കും.
നൂറനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബി.ബിജു രജിസ്റ്റർ ചെയ്ത കേസിൽ മാവേലിക്കര ഇൻസ്പെക്ടർ ആയിരുന്ന പി.ശ്രീകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.