കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ നടപടിക്ക് സാധ്യത. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന കെഎപി അസിസ്റ്റന്റ് കമാൻഡന്റ് സുരേഷാണ് ഡ്യൂട്ടിക്കിടയിൽ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്.
വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്കിടെ സുരേഷിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹപ്രവർത്തകർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഇദ്ദേഹത്തെ സുരക്ഷാ ചുമതലയിൽനിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഇദ്ദേഹം മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചതിന് സുരേഷിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുങ്ങുന്ന സാഹചര്യത്തിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സംസ്ഥാനതല നേതൃയോഗത്തിൽ പങ്കെടുക്കാനുമായി വ്യാഴാഴ്ച രാത്രിയാണ് അമിത് ഷാ കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.