ചേർത്തല തിരോധാനക്കേസ്; നിര്‍ണായക വെളിപ്പെടുത്തലുമായി വീട്ടമ്മ


ആലപ്പുഴ: ചേര്‍ത്തല തിരോധാനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വീട്ടമ്മ. ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും അയല്‍വാസിയായ ഫ്രാങ്ക്‌ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് കടക്കരപ്പള്ളി സ്വദേശിനി ശശികല റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയത്. കൊലപാതകം നടന്നത് എന്നാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ലെന്നും സ്ഥല ഇടപാടുകള്‍ നടത്തുന്ന സോഡാ പൊന്നപ്പന്‍ എന്ന പൊന്നപ്പനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ശശികല പറഞ്ഞു. പൊന്നപ്പനുമായി നടത്തിയ ഫോണ്‍ സംഭാഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ശശികല വ്യക്തമാക്കി.

തന്റെ ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് സോഡാ പൊന്നപ്പനെ കാണുന്നതെന്ന് ശശികല പറയുന്നു. പൊന്നപ്പനും സുമേഷ് എന്നയാളും തന്നെ വന്ന് കാണുകയായിരുന്നു. 31 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു. അവർ ആയിരം രൂപ ടോക്കണും നല്‍കി. കാര്യങ്ങള്‍ ഉറപ്പിച്ച ശേഷം അവര്‍ പോയി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവും ഉണ്ടായില്ല. തുടര്‍ന്ന് പൊന്നപ്പനെ താന്‍ അങ്ങോട്ട് വിളിച്ചു. സുമേഷ് ചെന്നൈയിലാണെന്നും വന്ന ശേഷം പ്രമാണം ഉറപ്പിക്കാം എന്നും പറഞ്ഞു. അതിന് ഒരാഴ്ച കഴിഞ്ഞും ഒരു വിവരവും ഉണ്ടായില്ല. വീണ്ടും പൊന്നപ്പനെ ഫോണില്‍ ബന്ധപ്പെട്ടു. തന്റെ അയല്‍വാസിയായ ഫ്രാങ്ക്‌ളിന്‍ വിഷയത്തില്‍ ഇടപെട്ടോ എന്ന സംശയം തനിക്കുണ്ടായിരുന്നു. ഇക്കാര്യം പൊന്നപ്പനോട് ചോദിച്ചു. എന്നാല്‍ അങ്ങനെ ഒരു ഇടപെടല്‍ ഇല്ലെന്നാണ് പൊന്നപ്പന്‍ പറഞ്ഞത്. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും പറഞ്ഞു. ഒരു വണ്ടിയുമായി വരാമെന്നും സുമേഷിന്റെ വീട്ടില്‍ പോയി കാര്യങ്ങള്‍ തീര്‍പ്പാക്കി പണവുമായി വരാമെന്നും പൊന്നപ്പന്‍ പറഞ്ഞു. എന്നാല്‍ അതില്‍ തനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. അങ്ങോട്ട് പോയി പണം വാങ്ങേണ്ട കാര്യമില്ലെന്ന് താന്‍ ഉറപ്പിച്ചു പറഞ്ഞുവെന്നും ശശികല വ്യക്തമാക്കി.

ഇതിന് ശേഷം പൊന്നപ്പനെ താന്‍ വീണ്ടും വിളിച്ചുവെന്നും ശശികല പറഞ്ഞു. അപ്പോഴാണ് ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയ കാര്യം അയാള്‍ പറഞ്ഞത്. താന്‍ അങ്ങോട്ട് ഒന്നും ചോദിച്ചതായിരുന്നില്ല. അയാള്‍ കാര്യങ്ങള്‍ ഇങ്ങോട്ട് പറയുകയായിരുന്നു. സംശയം തോന്നി താന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയില്‍ ഇട്ട് സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും ചേര്‍ന്ന് ബിന്ദുവിനെ കൊന്നു എന്നാണ് പൊന്നപ്പന്‍ പറഞ്ഞതെന്നും ശശികല പറഞ്ഞു. സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനുമൊപ്പമിരുന്ന് ബിന്ദു മദ്യപിച്ചിരുന്നതായും അയാള്‍ പറഞ്ഞു. 2021ലാണ് പൊന്നപ്പന്‍ ഇക്കാര്യങ്ങള്‍ തന്നോട് പറയുന്നത്. അതിന് ശേഷം താന്‍ ആരോടും ഇത് പറഞ്ഞില്ല. മകളുടെ വിവാഹം കഴിഞ്ഞ ശേഷം ഇത് പൊലീസില്‍ അറിയിക്കണമെന്ന് തോന്നി. സഹോദരന്‍ വഴി വോയിസ് ക്ലിപ്പ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നും ശശികല കൂട്ടിച്ചേര്‍ത്തു.


أحدث أقدم