ശക്തമായ മഴ! ജാഗ്രത പാലിക്കണം; മലവെള്ളപ്പാച്ചിൽ, വീടുകളിൽ വെള്ളം കയറി, 12 ജില്ലകളിൽ…

        

കണ്ണൂരിൻറെ മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് കണ്ണൂർ ചെറുപുഴയിലുണ്ടായ മലവെള്ള പാച്ചിലിൽ രണ്ടു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം എന്ന നിർദേശമുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. നാളെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Previous Post Next Post