2500 കൊടുക്കാമെന്ന് പറഞ്ഞിട്ട് നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നു; വി ഡി സതീശന്‍





തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് വെള്ളത്തില്‍ വീണ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടക്കമുള്ള നടപടികള്‍ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ ഒപ്പ് വെച്ച ശേഷം പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ സ്‌കീമില്‍ ഒപ്പിടുന്നതിന് മുന്‍പാണ് പരിശോധിക്കേണ്ടത്. സമയക്രമം പോലും പ്രഖ്യാപിക്കാതെ ഉപസമിതി നിശ്ചയിച്ചത് സിപിഐയെ കബളിപ്പിക്കുന്നതിന് വേണ്ടിയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ എന്തുകൊടുത്താലും സ്വാഗതം ചെയ്യും. തെരഞ്ഞെടുപ്പിന് മുന്‍പ് 2500 രൂപ കൊടുക്കാമെന്ന് പറഞ്ഞ സ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തില്‍ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

'സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ എന്തുകൊടുത്താലും ഞങ്ങള്‍ സ്വാഗതം ചെയ്യും. ഞങ്ങള്‍ അതിന് പിന്തുണയ്ക്കും. അഞ്ചുവര്‍ഷം മുന്‍പ് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുന്നതിന് മുന്‍പ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 2500 രൂപ ആക്കുമെന്നായിരുന്നു പ്രഖ്യാപനം. നാലരക്കൊല്ലം കഴിഞ്ഞാണ് കൂട്ടിയത്. അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വരുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. നാലരക്കൊല്ലത്തിലധികം കാലം ഇത് ചെയ്തില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചില്ല. 2500 രൂപ കൊടുക്കാമെന്ന് പറഞ്ഞ സ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തില്‍ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്? യഥാര്‍ഥത്തില്‍ 900 രൂപ വീതം നഷ്ടമായിരിക്കുകയാണ്.നാലര വര്‍ഷം കൊണ്ട് ഒരാള്‍ക്ക് 52000 രൂപ വീതം നല്‍കേണ്ടതാണ്. 2500 രൂപ ആക്കാമെന്ന് പറഞ്ഞ് വോട്ട് പിടിച്ച് ജയിച്ച് അധികാരത്തില്‍ വന്നിട്ട് നാലര കൊല്ലത്തിനിടെ ഒരു രൂപ പോലും കൂട്ടിയില്ല. തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ അങ്ങനെ ജനങ്ങളെ കബളിപ്പിക്കാന്‍ പറ്റില്ല. കൂട്ടിയത് നല്ലകാര്യം. അഞ്ചുമാസം പെന്‍ഷന്‍ മുടക്കിയ ആളുകളാണ് ഇവര്‍. കൂട്ടിയതിനെ എതിര്‍ക്കില്ല. എന്നാല്‍ 2500 രൂപ തരാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് അഞ്ചാമത്തെ കൊല്ലമായപ്പോള്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പാണ് 2000 രൂപ ആക്കിയത്. എന്നാല്‍ പ്രഖ്യാപിച്ച 2500 ആക്കാന്‍ പാടില്ലേ. അത് ആക്കിയില്ല'- വി ഡി സതീശന്‍ തുടര്‍ന്നു.

'ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ആയിരം രൂപ കൂട്ടിയിരിക്കുകയാണ്. നിലവില്‍ അവര്‍ക്ക് ദിവസവും 233 രൂപ വീതമാണ് കിട്ടുന്നത്. എല്ലാ ദിവസവും 700 രൂപയാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ 33 രൂപ കൂടുതല്‍ കൊടുത്തിരിക്കുകയാണ്. ഇത് തെറ്റാണ്. വിഷയത്തെ ഗൗരവത്തോടെ കണ്ട് ഓണറേറിയം കൂട്ടി കൊടുക്കണം. ക്ഷേമനിധിയായി 2500 കോടി രൂപയാണ് കൊടുക്കാനുള്ളത്.അത് കൊടുത്തിട്ടില്ല. കേരളത്തില്‍ ആദ്യമായിട്ടാണ് ക്ഷേമനിധി പെന്‍ഷന്‍ 18, 19 മാസമായി മുടങ്ങി കിടക്കുന്നത്. ക്ഷേമനിധികള്‍ ഇതുപോലെ മുടങ്ങിയ കാലമില്ല'- വി ഡി സതീശന്‍ പറഞ്ഞു.
أحدث أقدم