മണ്ടത്തരം കാണിച്ച് ബിജെപി നേതാക്കള്‍ കാമറയില്‍ കുടുങ്ങുന്നത് ആദ്യത്തെ സംഭവമല്ല. ഇപ്പോള്‍ ജയ്പൂരില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്‌എസ് ആശുപത്രിയിലാണ് സംഭവം. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കള്‍ ആശുപത്രിയിലെത്തിയത്.
രോഗികള്‍ക്ക് പഴങ്ങളും ബിസ്‌ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംപെയ്‌ന്റെ ലക്ഷ്യം. എന്നാല്‍ സന്നദ്ധ പ്രവർത്തനമോ പരിചരണമോ നടത്തുന്നതിന് പകരം നേതാക്കളെല്ലാം ഫോട്ടോ എടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.ഇതിനിടെ ബിജെപിയുടെ വനിതാ നേതാവ് രോഗിയായ യുവതിക്ക് പത്ത് രൂപ വില വരുന്ന ബിസ്‌ക്കറ്റ് നല്‍കുകയും ഫോട്ടോ എടുത്തതിന് പിന്നാലെ തിരിച്ച് വാങ്ങുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നേതാവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.