ഭാരതപ്പുഴയിൽ ചാടി മരിക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷം മരിച്ചുവെന്ന് കുടുംബത്തെയും മറ്റുള്ളവരെയും ധരിപ്പിച്ച് നാടുവിട്ട ആളെ കേരള പൊലീസ് കണ്ടെത്തി. ബെംഗളൂരു നിന്നുമാണ് അന്വേഷണ സംഘം ഇയാളെ കണ്ടെത്തിയത്. ഗുജറാത്തിൽ നിന്ന് ബിസിനസ് ആവശ്യത്തിനായി കേരളത്തിലെത്തുകയും ഷൊർണൂരിൽ വെച്ച് ഭാരതപ്പുഴയിൽ ചാടി ജീവനൊടുക്കിയതായി വരുത്തിത്തീർക്കുകയും ചെയ്ത ശേഷം നാടുവിട്ട ആളെയാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ഗുജറാത്ത് സ്വദേശിയായ ഗുഹാനി സിറാജ് അഹമ്മദ് ഭായിയെ ആണ് കേരള പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നത്. ഇയാൾക്ക് ധാരാളം സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് വിവരം. കടക്കാർ ഇത് തിരികെ ചോദിച്ചതോടെ കയ്യിൽ പണമില്ലാതിരുന്ന ഇയാൾ നാട്ടിൽ നിന്നും കേരളത്തിലേക്ക് വണ്ടികയറുകയും ഭാരതപ്പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് വരുത്തിത്തീർത്ത ശേഷം നാടുവിടുകയുമായിരുന്നു.
സെപ്റ്റംബർ 17നാണ് സിറാജ് അഹമ്മദ് ഷൊർണൂരിലെത്തുന്നത്. തുടർന്ന് തൊട്ടടുത്ത ദിവസം ഷൊർണൂർ പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി മരിക്കുകയാണെന്ന തരത്തിൽ ഇയാൾ ഭാര്യക്കും ബന്ധുക്കൾക്കും വാട്സ്ആപ്പ് സന്ദേശം അയച്ചു. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സുമടക്കം ഭാരതപ്പുഴയിൽ മൂന്ന് ദിവസം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ കണ്ടെത്താൻ ഷൊർണൂർ പോളയ അന്വേഷണം ആരംഭിക്കുകയായിരുന്നു. ആളെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഷൊർണൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ സിറാജ് മുറിയെടുത്തതായി കണ്ടെത്തി. പിന്നീട് പാലക്കാട്, വടക്കഞ്ചേരി ഭാഗങ്ങളിൽ പോയതായും കണ്ടെത്തി. തുടർന്നാണ് ഇയാളെ ബെംഗളൂരുവിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ബിസിനസ് തകർന്നതിനെതുടർന്ന് 50 ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്നുവെന്നും തിരികെ നാട്ടിലേക്ക് മടങ്ങിപോകാൻ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു ‘വ്യാജ മരണം’ ഉണ്ടാക്കിയതെന്നുമാണ് സിറാജ് പൊലീസിനോട് പറഞ്ഞത്.
ജീവനൊടുക്കിയെന്ന് വരുത്തി തീർക്കാനായി പാലത്തിന് മുകളിൽ കയറി നിൽക്കുന്ന ഫോട്ടോകളും പുഴയുടെ ഫോട്ടോയുമെല്ലാം ഇയാൾ ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ച് നൽകുകയും ചെയ്തു. ആത്മഹത്യ ചെയ്തുവെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാടുവിടുകയും ചെയ്തു. മൂന്ന് ദിവസം നീണ്ട തിരച്ചിൽ പുഴയിൽ നടത്തിയിട്ടും സിറാജ് അഹമ്മദിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ നടന്ന അന്വേഷണത്തിലാണ് ഇയാൾ ബെംഗളുരുവിലേക്ക് കടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് കേരള പൊലീസിന്റെ അന്വേഷണ സംഘം ബെംഗളുരുവിൽ എത്തുകയും മജസ്റ്റിക്കിൽ വെച്ച് ഇയാളെ കയ്യോടെ പിടികൂടുകയും ചെയ്തു. കടക്കാരോട് എന്തുപറയുമെന്ന് അറിയാത്തതിനാലും ബാധ്യത തീർക്കാൻ വേറൊരു മാർഗ്ഗമില്ലാത്തതിനാലുമാണ് മരിച്ചതായി വരുത്തിത്തീർത്ത ശേഷം നാടുവിടാമെന്ന തീരുമാനത്തിലെത്തിയതെന്ന് സിറാജ് മൊഴി നൽകി. ഷൊർണൂർ ഇൻസ്പെക്ടർ വി .രവികുമാർമാർ. എസ് ഐ കെ ആർ മോഹൻ ദാസ് , എഎസ്ഐമാരായ അനിൽ കുമാർ കെ, സുഭദ്ര, എസ്‍സിപിഒ സജീഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും ബെംഗളുരുവിലെത്തിയെ പ്രതിയെ പിടികൂടിയതും. ഒറ്റപ്പാലത്ത് എത്തിച്ച സിറാജിനെ കോടതിയിൽ ഹാജരാക്കിയശേഷം തിരികെ അയച്ചു.