
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്ന് നാലു മണിക്ക് തന്നെ തുറക്കുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്. നടതുറന്നശേഷം സ്വര്‍ണപ്പാളികള്‍ ശബരിമല ശ്രീകോവിലിന്‍റെ മുന്നിൽ ഇരുവശങ്ങളിലുമായുള്ള ദ്വാരപാലക ശിൽപ്പത്തിൽ ഘടിപ്പിച്ചു. ആദ്യം വലതുവശത്തെ ശിൽപ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശിൽപ്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു. സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനസ്ഥാപിച്ചത്.