
പരസ്യമായി വധശിക്ഷ നടപ്പിലാക്കിയ താലിബാൻ നടപടി അപലപിച്ച് യുഎൻ. അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയിലെ ഖലാ ഇ നവിലെ സ്റ്റേഡിയത്തിൽ വച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. യുവാവിനെയും അയാളുടെ ഗർഭിണിയായ ഭാര്യയേയും കൊലപ്പെടുത്തിയ അഫ്ഗാൻ സ്വദേശിയെ ആണ് നിരവധിപ്പേർ സാക്ഷിയാക്കി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പിലാക്കിയത്. നൂറ് കണക്കിന് ആളുകളാണ് വധശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷിയായത്. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ നിരീക്ഷകനായ റിച്ചാർഡ് ബെന്നറ്റും യുഎൻ മനുഷ്യാവകാശ ഓഫീസും വധശിക്ഷ നടപ്പിലാക്കിയതിനെ അപലപിച്ചു. താലിബാൻ പരമോന്നത നേതാവിന്റെ അനുമതിയോടെയായിരുന്നു നിരവധിപ്പേരെ കാഴ്ചക്കാരാക്കി വധശിക്ഷ വിധിച്ചത്. 2021ൽ താലിബാൻ അധികാരത്തിൽ എത്തിയതിന് ശേഷം നടക്കുന്ന പതിനൊന്നാമത്തെ വധശിക്ഷയാണ് ഇതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. നേരത്തെ ഫറാ, ഗാസ്നി, ലാഗ്മാൻ, ജോസ്ജാൻ, ബാഗ്ദിസ്, നിമ്റൂസ് എന്നീ പ്രവിശ്യകളിലാണ് പരസ്യമായി വധശിക്ഷ നടപ്പിലാക്കിയത്.