തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തില്‍ ‘നഗര ഉദ്യാനമായി സ്മാരകം നിര്‍മ്മിക്കുന്നത്.
വിഎസിന്റെ പേരില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആദ്യത്തെ സ്മാരകമെന്ന പ്രത്യേകതയും ഇതിനുണ്ട്. പാളയം മുതല്‍ പഞ്ചാപ്പുര ജംഗ്ഷന്‍ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കര്‍ സ്ഥലത്താണ് ഈ മനോഹരമായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 1.64 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.