ഇസ്രാനയുടെ മൃതദേഹം കട്ടിലിന്റെ പകുതി ഭാഗത്ത് തൂങ്ങിക്കിടക്കുകയായിരുന്നു, രണ്ട് പെൺമക്കളായ സോഫിയയും സുമയ്യയും രക്തത്തിൽ കുളിച്ച് കട്ടിലിൽ കിടന്നു. ഒരാളുടെ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തേറ്റിരുന്നു.വിവരമറിഞ്ഞ് പൊലീസ് എത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മൃതദേഹങ്ങൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ, നീതി ആവശ്യപ്പെട്ട് ചില ഗ്രാമവാസികൾ പ്രതിഷേധിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് നടപടി വാഗ്ദാനം ചെയ്തതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.
മുസാഫർനഗർ ജില്ലയിലെ സുന്ന ഗ്രാമത്തിൽ നിന്നുള്ള ഇമാം ഇബ്രാഹിം കഴിഞ്ഞ നാല് വർഷമായി ഗംഗ്നൗളിയിലെ ബാദി മസ്ജിദിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഇസ്രാന പള്ളി വളപ്പിൽ കുട്ടികളെ പഠിപ്പിച്ചിരുന്നു.
ഇബ്രാഹിമിന്റെ വിദ്യാർഥികളായ പ്രായപൂർത്തിയാകാത്ത രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇവർ പ്രദേശത്തെ ക്യാമറ ഓഫ് ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇബ്രാഹിം ഇവരെ ശാസിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ 15, 16 വയസ്സുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.