വിവാഹ ചടങ്ങിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ ഉൾപ്പെടെ 3 പേർക്ക്….


ഒരു വിവാഹ ചടങ്ങിനായി ഉപയോഗിച്ച ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന പരാതിയിൽ, അരി ബ്രാൻഡിന്റെ ഉടമയ്ക്കും അതിന്റെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാനും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് അയച്ചു.

പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. നടൻ ദുൽഖർ സൽമാൻ, റൈസ് ബ്രാൻഡ് കമ്പനി ഉടമ എന്നിവരോട് ഡിസംബർ 12-ന് കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹത്തിന് ബിരിയാണി തയ്യാറാക്കാനായി ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നു. എന്നാൽ, അരി പാക്ക് ചെയ്ത ചാക്കുകളിൽ ഡേറ്റും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പ്രധാന ആരോപണം.

ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് പരാതി. അരി വിറ്റ മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജർക്കെതിരെയും ആരോപണമുണ്ട്.

ഏറ്റവും പ്രധാനം, ബ്രാൻഡിന്റെ അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യ എതിർകക്ഷിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്. ദുൽഖർ സൽമാൻ അഭിനയിച്ച പരസ്യം കണ്ടാണ് താൻ ഈ അരി വാങ്ങാൻ തീരുമാനിച്ചതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

തന്റെ കാറ്ററിങ് ബിസിനസിന്റെ നല്ല പേരിന് സത്കീർത്തിക്ക് കളങ്കം വന്നതിന് ഉത്തരവാദികൾ ഇവരാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അരിക്ക് ചെലവായ 10,250 രൂപക്ക് പുറമെ, അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

أحدث أقدم